V Sivankutty on Jailer: `കൊണ്ടാടപ്പെടേണ്ട ഒന്ന്, ഇത് വിനായകന്റെ സിനിമ`; `ജയിലറി`നെ പ്രശംസിച്ച് വി ശിവൻകുട്ടി
രണ്ട് ദിവസം കൊണ്ട് വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ് രജനികാന്ത്-നെൽസൺ എന്നിവരുടെ ജയിലർ എന്ന ചിത്രം.
ബോക്സ് ഓഫീസുകളിൽ പ്രകമ്പനം സൃഷ്ടിച്ച് മുന്നേറുകയാണ് നെൽസൺ ഒരുക്കിയ രജനികാന്ത് ചിത്രം ജയിലർ. തമിഴ്നാട്ടിൽ മാത്രമല്ല മറിച്ച് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ചിത്രം കണ്ട ശേഷം നെൽസണെ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു. പല പ്രമുഖരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ജയിലറിനെ പ്രശംസിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ്.
രജനികാന്ത് നായകനായ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചത് വിനായകൻ ആണ്. ഇത് വിനായകന്റെ സിനിമ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം രജനികാന്തും വിനായകനും നേർക്കുനേർ നിൽക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിനും അനുകൂലിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തി.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
''ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..
കൊണ്ടാടപ്പെടേണ്ട ഒന്ന്..
വിനായകന്റെ സിനിമ....''
ഓഗസ്റ്റ് 10ന് തിയേറ്ററുകളിൽ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് വമ്പൻ കളക്ഷനാണ് നേടിയിരിക്കുന്നത്. രണ്ട് ദിവസം 96 കോടിയാണ് രജനി ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന്, ശനിയാഴ്ചത്തെ കളക്ഷൻ കൂടിയാകുമ്പോൾ ചിത്രം 100 കോടി കടക്കുമെന്നത് ഉറപ്പാണ്. രജനിക്കൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷറോഫ്, സുനിൽ എന്നിവർ കൂടി ചേർന്നപ്പോൾ തിയേറ്ററുകൾ പൂരപ്പറമ്പാകുന്ന കാഴ്ചയാണ് ഈ രണ്ട് ദിവസങ്ങളിലായി കണ്ടത്.
Also Read: Pulimada Movie: ജോജുവിനൊപ്പം നായികയായി ഐശ്വര്യ രാജേഷ്; 'പുലിമട' ഫസ്റ്റ് ലുക്കെത്തി
ഓരോ കഥാപാത്രങ്ങൾക്കും അവരവരുടേതായ പ്രാധാന്യം നൽകി കൊണ്ട് തന്നെയാണ് നെൽസൺ ചിത്രം ഒരുക്കിയത്. നായകനോട് ഏറ്റുമുട്ടാൻ കെൽപ്പുള്ള വില്ലൻ വേഷത്തെ വിനായകൻ അനായാസമായി ചെയ്തു. മികച്ച് അഭിനയമാണ് വിനായകൻ ചിത്രത്തിൽ കാഴ്ചവെച്ചത്. രമ്യ കൃഷ്ണന്‍, തമന്ന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമ്മിച്ചത്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ്‌ലര്‍. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയ്‌ലര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...