വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന മികവിനൊപ്പം അക്കാദമിക നിലവാരവും ഉയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
വിദ്യാഭ്യാസ മേഖലയ്ക്കു സഹായകമായ നിർദേശങ്ങൾ തന്ന് അധ്യാപകരും മറ്റും സർക്കാരിനൊപ്പം നിന്നുവെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന മികവിനൊപ്പം അക്കാദമിക നിലവാരവും ഉയർത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജൂൺ ഒന്നിലെ പ്രവേശനോത്സവത്തിനായി സർവ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവീകരിച്ച കുമ്പളം ഉദയത്തുംവാതിൽ എൽ.പി സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ മേഖലയിൽ കടന്നുപോയത് വിപ്ലവകരമായ ആറ് വർഷങ്ങളാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റങ്ങൾ രാജ്യമെമ്പാടും ചർച്ചയായി. വിദ്യാഭ്യാസ മേഖലയ്ക്കു സഹായകമായ നിർദേശങ്ങൾ തന്ന് അധ്യാപകരും മറ്റും സർക്കാരിനൊപ്പം നിന്നുവെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് കുമ്പളം ഉദയത്തുംവാതിൽ എൽ.പി സ്കൂൾ കെട്ടിടം നവീകരിച്ചത്. നാല് ക്ലാസ് മുറികൾ, ശുചിമുറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുമ്പളം പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ ഉദയത്തുംവാതിൽ എൽ.പി സ്കൂളിനെ യു.പി സ്കൂളായി ഉയർത്താനുള്ള സാധ്യത പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കെ.ബാബു എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി.അലക്സാണ്ടർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...