Alappuzha Medical College: ആലപ്പുഴ മെഡി. കോളേജ് സന്ദര്‍ശിക്കണമെന്ന് എംപി; ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി
Veena George to visit Alappuzha Medical College: അടിയന്തരമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് പരിഹാര നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
ആലപ്പഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയ നിരവധി രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ എംപി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കെ.സി. വേണുഗോപാൽ മന്ത്രിയുമായി ഫോണിൽ ആശയവിനിമയവും നടത്തിയിരുന്നു.
ആരോഗ്യമന്ത്രി അടിയന്തരമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് പരിഹാര നടപടികള്‍ സ്വീകരിക്കുകയും വേണം. സമാനമായ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ഒരു വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും കെ.സി.വേണുഗോപാല്‍ ആരോഗ്യ മന്ത്രിയോട് ഫോണില്‍ സംസാരിക്കവെ ആവശ്യപ്പെട്ടു.
ALSO READ: സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്; മോദിയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍
ചികിത്സ തേടി എത്തുന്ന രോഗികള്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരണമടയുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഇത്തരം സംഭവങ്ങളില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഗുരുതരമായ അലംഭാവവും വീഴ്ചയും സര്‍ക്കാരിന് ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്ക് ആശ്രയം നല്‍കേണ്ടതും ജീവന്‍ സംരക്ഷിക്കേണ്ടതുമായ ആശുപത്രികള്‍ ജീവനെടുക്കുന്ന കേന്ദ്രങ്ങളായി മാറുന്നുവെന്നത് ഏറെ നിര്‍ഭാഗ്യകരമാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.
പാവപ്പെട്ട സാധാരണക്കാരാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിനെ ചികിത്സക്കായി ആശ്രയിക്കുന്നത്. അവര്‍ക്കാവശ്യമായ മതിയായ ചികിത്സ നല്‍കുന്നതില്‍ വീഴ്ച ഉണ്ടാകുന്നത് വളരെ ഗൗരവതരമാണെന്നും നിരന്തരമായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളെ ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ വടക്ക് വൃക്ഷവിലാസം മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് നവജാത ശിശുവിന്റെ മരണകാരണമായി ബന്ധുക്കള്‍ ആരോപിക്കുന്നത്. ചികിത്സ തേടി ആശുപത്രിയിലെത്തി രോഗി മരിക്കുന്നത് ഇത് ഈ വര്‍ഷം മാത്രം മൂന്നാമത്തെ സംഭവമാണ്. ഈ പശ്ചാത്തലത്തിലാണ് കെ.സി.വേണുഗോപാല്‍ എംപിയുടെ ഇടപെടല്‍. ആശുപത്രി സന്ദര്‍ശിക്കാമെന്ന് ഫോണില്‍ ആശയവിനിമയം നടത്തിയ കെ.സി.വേണുഗോപാലിന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. എത്രയും വേഗം അടിയന്തര നടപടി ഉണ്ടാകണമെന്നും എംപി ഫോണിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.