Minority Scholarship: സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ച് വെള്ളാപ്പള്ളി
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലിംലീഗിനെതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചു
ആലപ്പുഴ: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ച് എസ്എൻഡിപി (SNDP) യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗിനെതിരെയും (Muslim league) വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുഖ്യമന്ത്രിയെ കടത്തിവെട്ടി മുസ്ലിംലീഗ് അഭിപ്രായം പറയുകയാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. ഈഴവർക്കും പട്ടികജാതിക്കാർക്കും ഒന്നുമില്ല. അവരെക്കുറിച്ച് ആരും പറയുന്നുമില്ല. പിന്നാക്ക ക്ഷേമ വകുപ്പ് പേരിന് പോലും പ്രവർത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കേരളത്തിൽ പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്. കോൺഗ്രസ് ഇല്ലാത്ത അവസ്ഥയാണ് നിലവിൽ കേരളത്തിലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. എല്ലാവരും കള്ളപ്പണം കൊണ്ടുവരുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എന്നാൽ ബിജെപിക്കാർ മണ്ടൻമാരായത് കൊണ്ട് പിടിക്കപ്പെട്ടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
അതേസമയം, ന്യൂനപക്ഷ സ്കോളർഷിപ്പിലെ (Minority scholarship) അനുപാതം നിശ്ചയിക്കാൻ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. സർവ്വകക്ഷി യോഗത്തിലാണ് സമിതിയെ നിയോഗിക്കാൻ തീരുമാനമായത്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ വിദഗ്ധ സമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർവ്വകക്ഷി യോഗത്തിൽ ഉയർന്ന പൊതു ആവശ്യത്തെ മുൻനിർത്തിയാണ് സമിതിയെ നിയോഗിക്കാൻ തീരുമാനമായത്. വിദഗ്ധ സമിതി വിഷയം കൃത്യമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം. വിധി ബാധിക്കുന്ന എല്ലാവരുമായും ചർച്ച നടത്തണമെന്നാണ് ആവശ്യം. തീരുമാനം വൈകരുതെന്ന് കോൺഗ്രസും മുസ്ലിംലീഗും ആവശ്യപ്പെട്ടു.
അതേസമയം, ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി (High court) വിധിക്കെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ സ്കോളർഷിപ്പിൽ 100 ശതമാനവും മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ലീഗിന്റെ വാദം. ഈ പദ്ധതിയെപ്പറ്റി കൂടുതൽ പഠിക്കാതെയാണ് ഹൈക്കോടതിയുടെ വിധിയെന്നും മുസ്ലിം ലീഗ് ആരോപിച്ചു.
മുസ്ലിം വിഭാഗത്തിന് അവകാശപ്പെട്ട സ്കോളർഷിപ്പ് വീതം വച്ചുവെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും വ്യത്യസ്ത പദ്ധതികളാണ് വേണ്ടത്. മറ്റ് ന്യൂനപക്ഷങ്ങൾക്ക് വേറെ പദ്ധതി കൊണ്ടുവരേണ്ടതായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2011ലെ സെൻസസ് പ്രകാരം 45.27 ശതമാനമാണ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ. ഇതിൽ 58.61 ശതമാനം മുസ്ലിം വിഭാഗമാണ്. 40.6 ശതമാനം ക്രിസ്ത്യാനികളും 0.73 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. ഈ സ്ഥിതിയിൽ 80:20 എന്ന അനുപാതം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...