കാണാതായ മലയാളികള്‍ക്ക് ഐ എസ് ബന്ധമുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
ദുരൂഹ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കാണാതായവരില്‍ അഞ്ച് പേര്‍ക്ക് ഐ എസ് ബന്ധമുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇരുപതിലധികം മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായാണ് സ്ഥിരീകരണം. ഇവരുടെ വാട്‌സപ്പ്, ഫേസ്ബുക്ക്, ഇമെയില്‍ സന്ദേശങ്ങള്‍ പൊലീസ് പരിശോധിച്ചു.
കേന്ദ്ര ഇന്‍റലിജന്‍സുംഇതേ രീതിയിലുള്ള റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. അതിനിടെ കാണാതായവരുടെ കുടുംബങ്ങള്‍ പ്രത്യേകം പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് സംഘംഇന്ന് കാസര്‍കോട് എത്തും. വിദേശത്തുവച്ചും തിരിച്ച് നാട്ടിലേക്ക് മടങ്ങുംവഴിയും കാണാതായ മലയാളികളെ കണ്ടെത്താന്‍ പാസ്‌പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാണാതായവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് ഇവരുടെ യാത്രാ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക ലക്ഷ്യം.
കാണാതായവര്‍ പടന്നയിലെ ഡോ. ഇജാസ്, ഭാര്യ റിഫൈല, 2 വയസ്സുകാരനായ മകന്‍ ഹയാന്‍, സഹോദരന്‍ ഷിയാസ്, ഭാര്യ അജ്മല, അഷ്‍ഫാഖ്, ഭാര്യ ഷംസിയ, ഒന്നര വയസ്സുകാരിയായ മകള്‍ ആയിഷ, ഹഫീസ്, എന്നിവരടങ്ങിയ സംഘമാണ് രണ്ടുമാസത്തിടെ വിവിധ കാരണങ്ങളാല്‍ നാട്ടില്‍ നിന്നും പോയത്. പിന്നീട് ഇവര്‍ വീട്ടുകാര്‍ക്കയച്ച സന്ദേശങ്ങള്‍ മാത്രമാണ് അവരുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലുള്ള ഏക തെളിവ്.
ഇതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ റോയുടെ രണ്ട് അംഗ സംഘം കാസര്‍കോട് എത്തി അന്വേഷണം ആരംഭിച്ചു. ഇവര്‍ ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കുന്നത് തുടരുകയാണ്. കാണാതായ 11 അംഗസംഘത്തിലെ രണ്ടു പേരുടെ ബന്ധുക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി. മറ്റുള്ളവരും രേഖാമൂലം പൊലീസില്‍ പരാതി നല്‍കും.