കെപിസിസി അധ്യക്ഷനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും രാജിസന്നദ്ധത സോണിയ ഗാന്ധിയെ അറിയിച്ചെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
തെരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി
തിരുവനന്തപുരം: കെപിസിസി (KPCC) അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ബദൽ സംവിധാനം ഉടൻ നടപ്പാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പുതിയ അധ്യക്ഷൻ (President) വരുന്നതുവരെ അധ്യക്ഷ സ്ഥാനത്ത് തുടരും. തെരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും വിശദീകരിച്ച് വളരെ കൃത്യമായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസിയുടെ അധ്യക്ഷനായി തുടരാൻ ആഗ്രഹിക്കുന്നില്ല. പുതിയ സംവിധാനം വരുന്നത് വരെ തുടരാം. സംവിധാനം എത്രയും പെട്ടെന്ന് കൊണ്ടുവരണമെന്നാണ് അഭ്യർഥിക്കുന്നത്. നിർലോഭമായ സഹായ സഹകരണങ്ങളാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും (Rahul Gandhi) നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെന്ന ദുഖവും വേദനയും ഉണ്ട്. അതുകൊണ്ടുതന്നെ തോൽവിയുടെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ALSO READ: V D Satheesan: യു.ഡി.എഫ് ചെയർമാനും സതീശൻ തന്നെ,ചെന്നിത്തലക്ക് അതൃപ്തിയെന്ന് സൂചന
താൻ വീണ്ടും സോണിയ ഗാന്ധിക്ക് കത്തെഴുതിയെന്ന കാര്യം വസ്തുതാ വിരുദ്ധമാണ്. അശോക് ചവാൻ കമ്മീഷനെ (Commission) താൻ ബഹിഷ്കരിച്ചുവെന്ന കാര്യവും തെറ്റാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. കമ്മിറ്റിയിലുള്ളവർ തന്റെ സുഹൃത്തുക്കളാണ്. പറയേണ്ട കാര്യങ്ങളെല്ലാം സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അതിനപ്പുറം കൂട്ടിച്ചേർക്കാൻ ഒന്നുമില്ലെന്നും കമ്മിറ്റിയെ അറിയിച്ചിരുന്നു. സോണിയ ഗാന്ധിക്ക് അയച്ച കത്തിന്റെ പകർപ്പ് കമ്മിഷന് മുൻപാകെ അയക്കാമെന്നും അത് തന്റെ പ്രസ്താവനയായി രേഖപ്പെടുത്താമെന്നും വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
പരാജയപ്പെട്ട ദിവസം പടിയിറങ്ങിപ്പോകാമായിരുന്നു. അത്തരം തീരുമാനങ്ങൾ ബുദ്ധിമുട്ടുമില്ല. എന്നാൽ നിർണായക ഘട്ടത്തിൽ പാർട്ടിയെ കൈവിട്ടുവെന്ന് ചരിത്രം രേഖപ്പെടുത്തരുതെന്ന് കരുതിയാണ് അധ്യക്ഷ സ്ഥാനത്ത് തുടർന്നത്. പാർട്ടിക്കുള്ളിൽ തർക്കങ്ങളില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...