മലപ്പുറം: ലോക്​സഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് മാറ്റമില്ല. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാന്നിയില്‍ ഇ.ടി മുഹമ്മദ് ബഷീറും തന്നെ വീണ്ടും മത്സരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തമിഴ്‌നാട് രാമനാഥപുരത്തെ സ്ഥാനാര്‍ഥിയായ നവാസ് ഗനിയെയും പ്രഖ്യാപിച്ചു.


മൂന്നാം സീറ്റ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ സാഹചര്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോവുകയാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഭാവിയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് പരിഗണിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടതായും ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.


മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ ഇ.ടി മുഹമ്മദ് ബഷീര്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് പൊന്നാന്നിയില്‍ നിന്ന് ജനവിധി തേടുന്നത്. സി.പി.എം സ്വതന്ത്രനും നിലമ്പൂർ എം.എൽ.എയുമായ പി.വി അന്‍വറാണ് എതിരാളി. 


മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി മുന്‍ വ്യവസായ വകുപ്പ് മന്ത്രിയാണ്. രണ്ടാം തവണയാണ് മലപ്പുറത്ത് നിന്ന് ജനവിധി തേടുന്നത്. സി.പി.എം സ്ഥാനാര്‍ഥിയായ വി.പി സാനുവാണ് എതിരാളി.