തിരുവനന്തപുരം: ലോക്‌സഭയില്‍ മുത്തലാഖ് ബില്ലില്‍ വോട്ടെടുപ്പും ചര്‍ച്ചയും നടന്നപ്പോള്‍ മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി സഭയില്‍ ഇല്ലാതിരുന്നത് വന്‍ വിമര്‍ശനത്തിന് വഴിതെളിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുഞ്ഞാലിക്കുട്ടി സഭയില്‍ ഹാജരാകാതിരുന്നത് കടുത്ത സമുദായ വഞ്ചനയെന്ന് ഐ.എൻ.എൽ ആരോപിച്ചു.


ഒരു സുഹൃത്തിന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കേണ്ടതുള്ളത് കൊണ്ടാണ് മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നാണ് പുറത്തുവരുന്ന വിശദീകരണം. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പേ തീരുമാനിച്ചതാണ് പാര്‍ലമെന്‍റിലെ മുത്തലാഖ് ചര്‍ച്ച. ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നു എന്നാണ് മുസ്ലിം ലീഗ് ചൂണ്ടികാട്ടുന്നത്.


ഇന്നലെയാണ് മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസായത്. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയായിരുന്നു. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബഹിഷ്‌കരിച്ചപ്പോള്‍ സിപിഐഎമ്മും ആര്‍എസ്പിയുടെ എന്‍.കെ.പ്രേമചന്ദ്രനും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.


സ്വന്തം മകളുടെ കല്യാണത്തിന്‍റെ തലേ ദിവസമായിട്ടും അസദുദ്ദീന്‍ ഒവൈസി എല്ലാ തിരക്കുകളും മാറ്റി വച്ച് പാര്‍ലമെന്‍റിലെത്തി ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയതും ചിലര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. മുസ്ലീം സമുദായത്തിലെ വിഷയമായിട്ടും മുസ്ലീം ലീഗിന്‍റെ ഒരേ ഒരു എംപിയായ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെതിരെ സോഷ്യല്‍മീഡിയയിലടക്കം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.


ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ദിവസം കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാന്‍ പോകാതിരുന്ന സംഭവവും ഒരു വിഭാഗം ഇപ്പോളുയര്‍ത്തുന്നുണ്ട്. ലീഗിനെ പ്രതിനിധീകരിച്ച് പ്രസംഗിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ ബില്ലിനെതിരെ സംസാരിച്ചിരുന്നു.


 


 



.