Wayanad landslide: ദുരന്തത്തിനിടെ ആശ്വാസ വാർത്ത; ചെളിയിൽ പുതഞ്ഞയാളെ രക്ഷപ്പെടുത്തി
Wayanad landslide updates: ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞുപോയ നിലയിലായിരുന്ന അരുൺ എന്ന യുവാവിനെയാണ് രക്ഷപ്പെടുത്തിയത്.
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ചെളിയില്‍ കുടുങ്ങിയയാളെ ദൗത്യസംഘം രക്ഷപ്പെടുത്തി. മണിക്കൂറുകളോളം ചെളിയില്‍ കുടുങ്ങിക്കിടന്നയാളെയാണ് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂല കാലാവസ്ഥ വില്ലനായെങ്കിലും ദൗത്യസംഘം തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. അരുണ്‍ എന്നയാളാണ് മണ്ണില്‍ അകപ്പെട്ടത് എന്നാണ് വിവരം.
ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞുപോയ നിലയിലായിരുന്നു യുവാവ്. രക്ഷപ്പെടുത്തണമെന്ന് ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ യുവാവിനടുത്തേയ്ക്ക് ദൗത്യസംഘത്തിന് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കനത്ത മഴയും മലവെള്ളപ്പാച്ചിലും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് യുവാവിനടുത്തേയ്ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. മേപ്പാടി മുണ്ടക്കൈ സര്‍ക്കാര്‍ യുപി സ്‌കൂളിന് സമീപത്താണ് ഇയാള്‍ കുടുങ്ങിക്കിടന്നത്.
ALSO READ: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺഗ്രസും
ഇതിനിടെ, ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്ന് മറ്റൊരു ആശ്വാസ വാര്‍ത്ത കൂടി എത്തിയിരുന്നു. ചൂരല്‍മലയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചിരുന്നു. എട്ട് വയസുള്ള ആണ്‍കുട്ടിയെയാണ് ദൗത്യസംഘം രക്ഷപ്പെടുത്തിയത് എന്നാണ് സൂചന. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് 200 അംഗ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടില്‍ എത്തിയിട്ടുണ്ട്. കണ്ണൂര്‍ മിലിട്ടറി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മി സംഘവുമാണ് വയനാട്ടിലെത്തിയിരിക്കുന്നത്. ഇപ്പോഴും മുണ്ടക്കൈയ്ക്കും ചൂരല്‍മലയ്ക്കും ഇടയില്‍ 100ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy