തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലേയ്ക്ക് മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിന് എത്തണമെന്ന് ആഹ്വാനം ചെയ്ത് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും. അല്‍പ്പ സമയത്തിനകം വയനാട്ടില്‍ എത്തുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി മുന്നിട്ടിറങ്ങണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് കെ.സുധാകരൻ പറഞ്ഞു. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വ്വ ശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. അതീവ ഗുരുതരമായ സാഹചര്യമാണവിടെ. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ഈ സാഹചര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ: ഹൃദയം തകർന്ന് വയനാട്; രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിംഗ് ഗ്രൂപ്പ് എത്തും
രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സാധ്യതകളും ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനത്തിന് അടിയന്തര പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് മുഴുവൻ കോൺഗ്രസ് പ്രവർത്തകരും കൈ മെയ് മറന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികൾ ആകേണ്ടതാണെന്നും ദുരന്തത്തിലകപ്പെട്ടവർക്ക് എല്ലാവിധ സഹായവുമായി പാർട്ടി പ്രവർത്തകർ ഒപ്പമുണ്ടാകണമെന്നും കെ.സുധാകരൻ ആഹ്വാനം ചെയ്തു.
ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് ആവശ്യവസ്തുക്കളും ദുരന്തമേഖലയിൽ എത്തിക്കുന്നതിനായി എല്ലാവരും മുൻകൈ എടുക്കേണ്ടതാണെന്ന് കെ.സുധാകരൻ വ്യക്തമാക്കി. ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള അത്യാധുനിക സജ്ജീകരണങ്ങൾ സർക്കാർ എത്രയും പെട്ടെന്ന് ലഭ്യമാക്കേണ്ടതാണ്. എല്ലാ കോൺഗ്രസ് പ്രവർത്തകരും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന സർക്കാർ സംവിധാനങ്ങൾക്ക് വേണ്ടുന്ന സഹകരണങ്ങൾ നൽകണമെന്ന് കെപിസിസി ആഹ്വാനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
അതേസമയം, വയനാട്ടിലെ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയുടെ ധനസഹായവും പരിക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy