തിരുവനന്തപുരം: വീടുകളിലെ വൈന്‍ നിര്‍മ്മാണത്തിന് കര്‍ശന വിലക്കേര്‍പ്പെടുത്തി എക്സൈസ് വകുപ്പ്. വീടുകളിലെ വൈന്‍ നിര്‍മ്മാണ൦ നിയമാനുസൃതമല്ലെന്നും അബ്കാരി നിയമപ്രകാരം ജാമ്യമില്ല കുറ്റമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം വൈന്‍ നിര്‍മ്മാണം അനുവദിക്കുന്നതല്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.‌ വീടുകളിലെ വൈന്‍ നിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടാല്‍ റെയിഡ് നടത്തി പിടിക്കുമെന്നും എക്‌സൈസ് ഓര്‍മ്മിപ്പിക്കുന്നുണ്ട്.


ക്രിസ്മസ്-പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് എക്സൈസ് നടപടി. കൂടാതെ, ഹോംമെയ്ഡ് വൈന്‍ വില്‍പ്പനയ്ക്ക് എന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതും എക്സൈസ് വിലക്കിയിട്ടുണ്ട്. 


വൈന്‍ ഉണ്ടാകുന്നതിന്‍റെ വീഡിയോ യൂട്യൂബ് പോലെയുള്ള വീഡിയോ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ്‌ ചെയ്യുന്നതിനും വിലക്കുണ്ട്. അരിഷ്ടമടക്കമുള്ള ആയുര്‍വേദ മരുന്നെന്ന വ്യാജേനയുള്ള ലഹരി വില്‍പ്പനയ്ക്കും അവസാനമുണ്ടാക്കുമെന്ന് എക്സൈസ് സര്‍ക്കുലറില്‍ പറയുന്നു. 


അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മ്മാണവും വിതരണവും ക്രിസ്മസ് പുതുവത്സരകാലത്ത് കൂടി വരാറുണ്ടെന്നും ഇതവസാനിപ്പിക്കാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഒരുക്കുമെന്നും മുന്നറിയിപ്പുണ്ട്.


വ്യാജ വാറ്റ് കേന്ദ്രങ്ങളെക്കുറിച്ച്‌ അറിയിപ്പ് നല്‍കണമെന്നും എക്സൈസ് അറിയിച്ചു. ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.


റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ സ്വീകരിക്കാനായി ജില്ലകളില്‍ സ്‌ട്രൈക്കി൦ഗ് ഫോഴ്‌സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും.