സൗദി ജയിലിൽ എത്ര മലയാളികൾ? ചോദിക്കണ്ട... നോർക്കയ്ക്കറിയില്ല...
സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ കണക്കില്ലാതെ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നോർക്കയും പ്രവാസികാര്യ വകുപ്പും. കുടിയേറ്റ നിയമങ്ങൾ പാലിക്കാത്തതും കൃത്യമായി രജിസ്ട്രേഷൻ നടത്താത്തുമാണ് കണക്കുകൾ ലഭ്യമാകാത്തതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
തൃശൂർ/ തിരുവനന്തപുരം: സൗദി അറേബ്യയിലെ ജയിലുകളിൽ എത്ര മലയാളികളുണ്ടെന്ന് പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നോർക്കയോട് ചോദിച്ചാൽ അവർ കൈമലർത്തും. വിവരാവകാശ പ്രവർത്തകൻ രാജുവാഴക്കാല രേഖമൂലം എഴുതി ചോദിച്ചപ്പോഴാണ് ഈക്കാര്യത്തിൽ നോർക്കയുടെ അജ്ഞത വെളിവായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികൾ എത്രപേരുണ്ടെന്നും നോർക്കയ്ക്ക് അറിവില്ല. വിദേശത്തേക്ക് പോകുന്നവർ നിയമാനുസൃത രജിസ്ട്രേഷൻ നടത്താത്തതും നിയമം ലംഘിച്ചുള്ള തൊഴിൽ കുടിയേറ്റങ്ങളുമാണ് ഇത്തരം കണക്കുകൾ ലഭിക്കാൻ പ്രയാസമുണ്ടാക്കുന്നതെന്ന് പ്രവാസികാര്യ വകുപ്പിൽ നോർക്കയുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറി സീ മലയാളം ന്യൂസിനോട് പറഞ്ഞു.
2019 മുതല്‍ നോര്‍ക്കയിൽ പ്രവാസി നിയമ സഹായ സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടിയായി പറയുന്നു. എത്രപേർ ജയിലുകളില്‍ ഉണ്ടെന്നും ആരൊക്കെയാണവരെന്നും അറിവില്ലാത്ത നോർക്ക, ആർക്കാണ് നിയമസഹായം നൽകുക എന്നതാണ് പ്രസക്തമാകുന്ന മറ്റൊരു ചോദ്യം. എന്നാൽ അതിന് നോർക്കയ്ക്ക് ഒരു മറുപടിയുണ്ട്- തങ്ങളെ ബന്ധപ്പെടുന്ന പ്രവാസികൾക്ക് സഹായം നൽകാറുണ്ട് എന്നതാണത്. മൂന്ന് വർഷമായി പ്രവർത്തിക്കുന്ന പ്രവാസി നിയമ സഹായ സെൽ വഴി ഇതുവരെ സൗദി അറേബ്യയിൽ നിന്ന് ഒരാളെ നാട്ടിൽ എത്തിച്ചിട്ടുണ്ടെന്നും നോർക്ക വ്യക്തമാക്കുന്നു. സംസ്ഥാന ആഭ്യന്തരവകുപ്പിലും ഇതേ ചോദ്യങ്ങൾ ആവർത്തിച്ച് നൽകിയ അപേക്ഷയിലും ഉത്തരം മറിച്ചല്ല. പ്രവാസി ക്ഷേമത്തിന് പ്രവർത്തിക്കുന്ന സർക്കാർ ഡിപ്പാർട്ട്മെന്റുകൾക്ക് പോലും അന്യരാജ്യത്തെ ജയിലുകളിലെ മലയാളികളുടെ വിവരങ്ങള്‍ അറിയില്ല.
Read Also: ദുബായ് എക്സ്പോയില്‍ ബെസ്റ്റ് പവലിയൻ അവാർഡ് സൗദി അറേബ്യക്ക്
പ്രവാസികൾക്കുവേണ്ടി ജീവനക്കാര്‍ക്ക് ശമ്പളവും പ്രവർത്തന ചെലവുമായി കോടികൾ നല്‍കി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ് നിർണായകമായ ഈ കണക്കുകളില്ലാതെ കൈമലർത്തുന്നത്. പ്രതിമാസം ഒന്നേകാൽ ലക്ഷത്തിലേറെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കൈപ്പറ്റുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുതൽ 675 രൂപ ദിവസവേതനക്കാർ ഉൾപ്പെടെ 76 പേർ നോർക്കയിൽ ജീവനക്കാരായി ഉണ്ട്. ഏത് മേഖലയ്ക്കായാണോ പ്രവർത്തിക്കേണ്ടത് അതിനെപ്പറ്റിത്തന്നെ കൃത്യമായ കണക്ക് കൈവശമില്ലാത്ത നോർക്കയ്ക്ക് പ്രവാസികൾക്കായി എന്തു ചെയ്യാനാകുമെന്നതാണ് ഉയരുന്ന ചോദ്യം.
ഇന്ത്യൻ എംബസിയോട് ഇതേ ചോദ്യം ചോദിക്കുമ്പോൾ കൃത്യമായ കണക്ക് ലഭിച്ചു. 773 ഇന്ത്യക്കാരാണ് സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്നത്. ഇതിൽ 5 സ്ത്രീകളുണ്ട്. 12 ഇന്ത്യക്കാർ വധശിക്ഷ വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നു. ഇവരുടെ മോചനത്തിനായും നിയമ സഹായത്തിനായും എംബസി ഉദ്യോഗസ്ഥർ നിരന്തരം ഇടപെടുന്നുണ്ടെന്നും ജയിലുകള്‍ സന്ദർശിക്കുന്നുണ്ടെന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി ലഭിച്ചു. എന്നാൽ ഇതിൽ എത്ര മലയാളികൾ ഉണ്ടെന്നതില്‍ തരംതിരിച്ച കണക്കുകളില്ല. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായുള്ള നോർക്ക അടിസ്ഥാനപരമായ ഈ കണക്കുകൾ സൂക്ഷിക്കുന്നില്ലെന്ന് നോര്‍ക്കാ റൂട്ട്സ് സിഇഒ പറയുന്നു. ഇത്തരം വിവരങ്ങൾ സർക്കാരും പ്രവാസികാര്യ വകുപ്പുമാണ് സൂക്ഷിക്കുന്നതെന്നും നോർക്ക സിഇഒ വിശദമാക്കി.