തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിയ നിരവധി ഡ്രൈവുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയത്. അതിന്റെ കൂടി ഫലമായി ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നേടി. ഈ ഓപ്പറേഷനുകളെല്ലാം ഇനി ഒരൊറ്റ പേരിലായിരിക്കും പരിശോധന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ലോക ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ സെമിനാറും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

സുസ്ഥിരവും ആരോഗ്യകരവുമായ നിലനില്‍പ്പിനായാണ് ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങള്‍ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം പകരുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ലോകാരോഗ്യ സംഘടന ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന സന്ദേശം തന്നെ 'Food safety is every one's business' എന്നതാണ്.


ALSO READ: പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച് കണ്ടക്ടർ; ഇത് ദൈവത്തിന്റെ 'കൈ' എന്ന് സോഷ്യൽ മീഡിയ


സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് തീവ്രയജ്ഞ പരിപാടികളാണ് നടത്തി വരുന്നത്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ട് ഈ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് ചികിത്സാ സംവിധാനം വലിയ രീതിയില്‍ ഒരുക്കിയതിനോടൊപ്പം രോഗ പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നു. നല്ല ഭക്ഷണവും വെളളവും ഓരോരുത്തരുടെയും അവകാശമാണ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അതിനാല്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കുന്നു.


ഈ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്. പിഴത്തുക ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകളാണ് നടത്തിയത്. 4.05 കോടി രൂപ പിഴ ഈടാക്കി. പ്രാദേശികമായ സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകളെല്ലാം ഓണ്‍ലൈനാക്കി. മറ്റ് നടപടികളും സ്വീകരിച്ച് വരുന്നു.


ഭക്ഷ്യ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഭക്ഷണം വിളമ്പുന്നവരുടെ ശുചിത്വം പ്രധാനമാണ്. അതിനാല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. കെ.എം.എസ്.സി.എല്‍. വഴി കുറഞ്ഞ വിലയ്ക്ക് ടൈഫോയിഡ് വാക്‌സിന്‍ ലഭ്യമാക്കി. പച്ചമുട്ട ചേര്‍ത്തുണ്ടാക്കിയ മയോണൈസ് നിരോധിച്ചു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പും യാഥാര്‍ത്ഥ്യമാക്കി. എന്‍.എ.ബി.എല്‍. ലാബ് സജ്ജമാക്കി. മൈക്രോബയോളജി ലാബുകള്‍ സജ്ജമാക്കി വരുന്നു. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും വഴങ്ങരുത്. നമുക്കും സമൂഹത്തിനും അടുത്ത തലമുറയ്ക്കുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അഫ്സാന പര്‍വീണ്‍, കൗണ്‍സിലര്‍ പാളയം രാജന്‍, ഭക്ഷ്യ സുരക്ഷാ ജോ കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ജുദേവി എന്നിവര്‍ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.