പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായ പണം എത്തിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അർധരാത്രി പരിശോധന നടത്തിയ പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തി. ഹാർഡ് ഡിസ്ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാതിരുന്നത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ ശേഖരിക്കാനായി പൊലീസ് വീണ്ടും ഹോട്ടലിൽ എത്തിയത്. ഫൊറൻസിക് സംഘവും പൊലീസിനൊപ്പമുണ്ടായിരുന്നു. ഹോട്ടൽ സിഇഒയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കോൺ​ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് സംഘം പരിശോധന നടത്തിയത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായ പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരശോധന നടത്തിയത്.


കോൺ​ഗ്രസ് നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. കോൺ​ഗ്രസ് വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ മുറികളിൽ പോലീസ് പരിശോധന നടത്തി. വനിതാ പോലീസ് ഇല്ലാതെ മുറിയിൽ പരിശോധന നടത്താനാകില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് എഴുതി നൽകാൻ പോലീസ് തയ്യാറായില്ല. ഇതോടെ കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു.


പരിശോധന സിപിഎമ്മിന്റെ തിരക്കഥയാണെന്നും നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. ബിജെപി പ്രവർത്തകരുടെ മുറിയിലും പോലീസ് പരിശോധന നടത്തിയിരുന്നു. നീല നിറത്തിലുള്ള ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്നായിരുന്നു പരാതി.