തിരുവനന്തപുരം: ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളം പുതിയൊരു ഭരണ സംസ്‌കാരത്തിലേക്കു മെല്ലെ മാറുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ഏറെ പുകഴ്ത്തിയാണ് അവിടങ്ങളിലുള്ളവർ പറയുന്നത്. എന്നാൽ നാട്ടിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ല. പ്രത്യേകിച്ചു സർക്കാർ സർവീസിലാകുമ്പോൾ. ഈ രീതിക്കു മാറ്റം കൊണ്ടുവരാൻ ജീവനക്കാർ ശ്രദ്ധിക്കണം. നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണു സർക്കാർ ഓഫിസുകൾ. അവിടേയ്ക്കെത്തുന്നവർ ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്. ഔദാര്യത്തിനല്ല, അവകാശത്തിനായാണു സർക്കാർ ഓഫിസുകളിലേക്ക് ആളുകൾ വരുന്നത്. ഇതു മുന്നിൽക്കണ്ട്, സമയബന്ധിതമായി നടപടികൾ സ്വീകരിക്കണം. ഇതിനുള്ള സന്നദ്ധത ജീവനക്കാരിൽ ഉണ്ടാക്കുകയെന്നതാണു മേഖലാ യോഗങ്ങളുടെ മുഖ്യ ഉദ്ദേശ്യം.


ALSO READ: കരുവന്നൂർ തട്ടിപ്പ്; ഇഡിക്കെതിരെ പരാതി കൊടുത്ത ന​ഗരസഭ കൗൺസിലർ വീണ്ടും കസ്റ്റഡിയിൽ


മേഖലാ യോഗങ്ങൾ പുതിയൊരു തുടക്കമാണ്. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കപ്പെടുന്നതിന് ഓരോ വകുപ്പുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥർ ഹൃദിസ്ഥമാക്കണം. വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് ഉദ്യോഗസ്ഥർ ഉയരണം. സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയക്രമം പാലിച്ചു പോകുന്നുണ്ടെന്നുറപ്പാക്കണം. മേഖലാതല അവലോകന യോഗങ്ങൾക്കു തുടർച്ചയുണ്ടാകും. കുറച്ചു നാളുകൾകഴിഞ്ഞു വീണ്ടും യോഗം ചേരണം. വലിയ പ്രാധാന്യത്തോടെയാണ് നാട് ഈ യോഗങ്ങളെ കാണുന്നത്. ഇതു നല്ല മാതൃയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾ അവലോകനം ചെയ്യുന്നതിനും വിവിധ വിഷയങ്ങൾക്കു പരിഹാരം കാണുന്നതിനുമായാണു തിരുവനന്തപുരം മേഖലാതല അവലോകന യോഗം ചേർന്നത്. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനും വിവിധ വകുപ്പുകൾ ചേർന്നു നടപ്പാക്കേണ്ടവ ബന്ധപ്പെട്ട വകുപ്പുകളുടെ കൂടിയാലോചനകളിലൂടെ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. രണ്ടു സെഷനുകളിലായി നടന്ന അവലോകനത്തിൽ രാവിലെ സർക്കാർ പദ്ധതികളുടെ നടത്തിപ്പിന്റെ അവലോകനവും ഉച്ചകഴിഞ്ഞ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്രമസമാധാന അവലോകനവും നടന്നു.


മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, എം.ബി. രാജേഷ്, പി. പ്രസാദ്, വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, വീണാ ജോർജ്, വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.