തിരുവനന്തപുരം: സിപിഎമ്മിന്‍റെ പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാൽ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ സെക്രട്ടേറിയറ്റ് ഓഫീസിൽ എത്തുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് സർക്കാർ ജീവനക്കാരെ ഓർമ്മിപ്പിച്ച മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് 1648 ഫയലുകളാണ് തീരുമാനം കാത്ത് കിടക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.


നിലവില്‍ മുപ്പത്തിരണ്ട് വകുപ്പുകളുടെ അധിപനാണ് മുഖ്യമന്ത്രി. വളരെ അടിയന്തരമായി തീർപ്പ് കല്പിക്കേണ്ട ഫയലുകളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സൗകര്യകുറവ് മൂലം കെട്ടിക്കിടക്കുന്നുവെന്നും ചെന്നിത്തല ആരോപിക്കുന്നു.


ആശ്രിത നിയമനം ചികിത്സാസഹായം തുടങ്ങി നയപരമായി തീരുമാനമെടുക്കേണ്ട ഫയലുകളും ഇവയിലുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി മന്ത്രിമാർ ഓഫീസിൽ എത്തുന്നതേയില്ല. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഇങ്ങനെ ശൂന്യമായി കിടക്കുന്ന അവസ്ഥ ചരിത്രത്തിൽ ഇതേവരെ ഉണ്ടായിട്ടില്ല.


ഇത് തുടര്‍ന്നാല്‍ പാർട്ടി സമ്മേളനം കഴിയുന്നത് വരെ സെക്രട്ടറിയേറ്റ് അടച്ചിടുകയാണ് നല്ലതെന്നും ചെന്നിതല്‍ ആരോപിച്ചു. പഴയ പാർട്ടി സെക്രട്ടറിയല്ല, കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും ഓര്‍മിപ്പിച്ചു.