High court | പിങ്ക് പോലീസിന്റെ പരസ്യവിചാരണ: കാക്കിയുടെ അഹന്ത; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസ് ഉദ്യോസ്ഥയുടെ ചുമതലയാണെന്നും അതിന് എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്‌തെന്നും കോടതി ചോദിച്ചു
കൊച്ചി: പിങ്ക് പോലീസിന്റെ (Pink police) പരസ്യവിചാരണക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആറ്റിങ്ങലിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണാ ദൃശ്യങ്ങള്‍ പരിശോധിച്ച ഹൈക്കോടതി (High court) കാക്കിയുടെ അഹന്തയെന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസ് ഉദ്യോസ്ഥയുടെ ചുമതലയാണെന്നും അതിന് എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്‌തെന്നും കോടതി ചോദിച്ചു.
പോലീസ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞെങ്കില്‍ ആ പ്രശ്‌നം തീരുമായിരുന്നു. അതിന് തയ്യാറാകാത്തതാണ് കാക്കിയുടെ പ്രശ്‌നം. പൊലീസുകാര്‍ക്കെതിരെ സംസാരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കുന്ന രീതി കാക്കിയുടെ അഹന്തയാണെന്നും കോടതി കുറ്റപ്പെടുത്തി. ദൃശ്യങ്ങള്‍ മാനസിക വിഷമമുണ്ടാക്കുന്നതാണ്. സംഭവം മകള്‍ ഉള്ള ഒരച്ഛനും സഹിക്കാനാകില്ല. കേസില്‍ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി.
കുട്ടിയുടെ മാനസികാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടിക്ക് സ്ഥലംമാറ്റം ഒരു ശിക്ഷയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഏഴിനുമുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
സംഭവത്തിൽ ബാലാവകാശ കമ്മീഷനും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പെരുമാറ്റം മൂലം വലിയ മാനസിക ആഘാതമാണ് പെൺകുട്ടിക്ക് ഉണ്ടായിരിക്കുന്നത്. ഇത് മാറ്റാനുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി 30 ദിവസത്തിനകം ബാലാവകാശ കമ്മീഷന് റിപ്പോർട്ട് നൽകണമെന്നും ചെയർമാൻ കെവി മനോജ് കുമാർ ഉത്തരവിട്ടിരുന്നു.
തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് പോലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി റോഡിൽ നിർത്തി ചോദ്യം ചെയ്തത്. പോലീസ് വാഹനത്തിൽ വച്ചിരുന്ന രജിതയുടെ ബാഗിൽ നിന്ന് മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. തന്റെ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ച് മകൾക്ക് കൈമാറിയെന്നാണ് രജിത ആരോപിച്ചത്.
മോഷണം പോയതായി ആരോപിച്ച ഫോൺ ഒടുവിൽ രജിതയുടെ ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെയും പിതാവിനെയും ചെയ്യാത്ത തെറ്റിന്റെ പേരിൽ വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മോഷ്ടിച്ചുവെന്ന് ആരോപിച്ച ഫോൺ പിങ്ക് പോലീസിന്റെ വാഹത്തിൽ വച്ചിരുന്ന രജിതയുടെ ബാഗിൽ നിന്ന് കണ്ടെടുത്തെങ്കിലും ന്യായീകരിക്കുകയാണ് രജിത ചെയ്തത്. ബാഗിൽ നിന്ന് ഫോൺ ലഭിച്ചതിന് ശേഷവും പിതാവിനെയും മകളെയും രജിത അധിക്ഷേപിച്ചു. മാപ്പ് പറയാൻ പോലും പോലീസ് ഉദ്യോഗസ്ഥ തയ്യാറായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...