PM 2 Elephant: പിഎം 2 ആനയെ തിരികെ കാട്ടിൽ വിട്ടേക്കും; മൃഗസ്നേഹികളുടെ ആവശ്യം വനം വകുപ്പിൻ്റെ പരിഗണനയിൽ
PM 2 Wild Elephant: ജനങ്ങളുടെ നിരന്തമായ പരാതികൾ പരിഗണിച്ച് ജനുവരി 9നാണ് പിഎം 2നെ പിടികൂടി മുത്തങ്ങ ആന പരിശീലന കേന്ദ്രത്തിലെ കൂട്ടിലടച്ചത്.
സുൽത്താൻ ബത്തേരി: വയനാട് ബത്തേരിയിൽ നിന്ന് പിടികൂടിയ പിഎം 2 (പന്തല്ലൂർ മഖ്ന) എന്ന കാട്ടാനയെ തിരികെ കാട്ടിൽ വിട്ടേക്കും. ഇക്കാര്യവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ആലോചനകൾ തുടങ്ങിയതായാണ് വിവരം. മൃഗസ്നേഹികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഇതിനുള്ള സാധ്യത പരിശോധിക്കാൻ വനം വകുപ്പ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നീലഗിരിയിലും വയനാട്ടിലും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന കാട്ടുമോഴയാനയാണ് പിഎം2. ജനുവരി ആദ്യ ആഴ്ച ജനവാസ മേഖലകളിൽ ഭീതി പടർത്തിയ പിഎം 2 ബത്തേരി ടൌണിൽ ഇറങ്ങുകയും കാൽ നട യാത്രക്കാരനെ ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ജനുവരി 9നാണ് പിഎം 2നെ പിടികൂടി മുത്തങ്ങ ആന പരിശീലന കേന്ദ്രത്തിലെ കൂട്ടിലടച്ചത്. കഴിഞ്ഞ മൂന്ന് മാസമായി പിഎം 2 കൂട്ടിലാണ് കഴിയുന്നത്. കൂട്ടിൽ കയറിയതോടെ ആനയുടെ ആക്രമണ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടുണ്ട്.
ALSO READ: മുഴുവന്‍ പെറ്റ് ഷോപ്പുകള്‍ക്കും വേണം ലൈസന്‍സ് ; മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് നിർദ്ദേശം
പാപ്പാൻമാർ കൂട്ടിലിറങ്ങിയാണ് ഇപ്പോൾ പിഎം 2നെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും. അടുത്ത് നിന്ന് തന്നെ പാപ്പാൻമാർക്ക് ആനയെ ചട്ടം പഠിപ്പിക്കാവുന്ന നിലയിലാണ് കാര്യങ്ങൾ. ഇനി പാപ്പാൻമാർ ആനയുടെ പുറത്തു കയറുന്ന ചടങ്ങ് മാത്രമേ ബാക്കിയുള്ളൂ. തമിഴ്നാട്ടിൽ 2 പേരെ കൊലപ്പെടുത്തിയ ആക്രമണകാരിയായ ആന ഇപ്പോൾ ഒരു സാധു ജീവിയായാണ് കൂട്ടിൽ കഴിയുന്നത്. ആനയെ ഇനിയും കൂട്ടിലിട്ട് പീഡിപ്പിക്കരുതെന്നും ജനങ്ങളെ ബാധിക്കാത്ത രീതിയിൽ കാട്ടിൽ തുറന്നു വിടണമെന്നുമാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ ആവശ്യം.
അതേസമയം, പിഎം 2നെ തുറന്നുവിടാനുള്ള വനം വകുപ്പ് നീക്കങ്ങൾക്ക് എതിരെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. നിലവിൽ മനുഷ്യൻ്റെ നിയന്ത്രണത്തിൽ കഴിയുന്ന ആനയെ വീണ്ടും കാട്ടാനയാക്കാനുള്ള ശ്രമങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് നാട്ടുകാർ പറയുന്നു. കാട്ടിൽ വിട്ടാൽ വീണ്ടും ഈ ആന ജനവാസ മേഖലകളിൽ ഇറങ്ങുമെന്ന് ഉറപ്പാണെന്നും ഇപ്പോൾ ആളുകളുമായി ബന്ധമുള്ളതിനാൽ നാട്ടിലെ ഭക്ഷണം തേടി ആന കാടിറങ്ങുമെന്നുമാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, പരിസ്ഥിതി സംഘടനകളുടെയും മൃഗസ്നേഹികളുടെയും ആവശ്യം നടപ്പിലാക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് വനം വകുപ്പിൻ്റെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...