അട്ടപ്പാടി: അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട. അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം എക്സൈസും വനംവകുപ്പും ചേർന്നുള്ള പരിശോധനയിൽ കണ്ടെത്തി നശിപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം അട്ടപ്പാടിയിൽ കഞ്ചാവു തോട്ടങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. 408 ഓളം മൂപ്പെത്തിയ ചെടികള്‍ പോലീസ് നശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മേലെ ഗലസി ഊരിന് എട്ട് കിലോമീറ്റർ അകലെ ഒരു വനത്തിലാണ് പുതിയ കഞ്ചാവ് തോട്ടം. അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കാന്‍ പാകമായ നീലചടയന്‍ എന്ന ഇനത്തില്‍പെട്ട കഞ്ചാവ് ചെടികളാണ് പോലീസ് നശിപ്പിച്ചത്. 


രാവിലെ തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. തോട്ടം നടത്തിപ്പുകാരെ കുറിച്ച് കൃത്യമായ സൂചന കിട്ടിയതായി എക്സൈസ് സംഘം അറിയിച്ചു. നാല് മാസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്ത് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം പോലീസും വനം വകുപ്പും കണ്ടെത്തി നശിപ്പിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഈ ഭാഗത്ത് കഞ്ചാവ് തോട്ടങ്ങള്‍ സജീവമാകുകയാണ്. 


തോട്ടം നടത്തിപ്പുകാരെക്കുറിച്ച് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പിനെതിരെ ആരോപണം നിലനില്‍ക്കുന്നുണ്ട്.