തരൂരിന്റെ യാത്ര കഴിഞ്ഞപ്പോൾ അനിലിന്റെ രാജി... അഴിക്കുംതോറും മുറുകുന്ന കോൺഗ്രസിലെ പ്രശ്നങ്ങൾ
കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായി, മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കാൻ സാധിക്കുന്ന നിലയിലേക്ക് വളരാൻ തരൂരിന് സാധിക്കുമോ. സാധ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും അതിനുള്ള ശ്രമം തരൂർ നടത്തുന്നുവെന്ന് വേണം സമീപകാലത്തെ അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.
ശശി തരൂർ കേരളത്തിന് അഭിമതനാണോയെന്ന് ചോദിച്ചാൽ പല ഉത്തരങ്ങളും പല അഭിപ്രായങ്ങളും ഉണ്ടാകാം. എന്നാൽ, കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ശശി തരൂർ അഭിമതനാണോ? അത്ര സുഖകരമല്ലാത്ത ഒരു ഉത്തരം മാത്രമേ ഉണ്ടാകൂവെന്നേ നിലവിലെ കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ പറയാൻ സാധിക്കൂ. മലബാർ പര്യടനവും പെരുന്ന സന്ദർശനവും പാർട്ടിയുടെ നേതാക്കൾക്കിടയിൽ ശശി തരൂരിനോട് മുൻപേ ഉണ്ടായിരുന്ന അകൽച്ച വർധിപ്പിച്ചതേയുള്ളൂ. ശശി തരൂരുമായി ബന്ധപ്പെട്ട കാര്യത്തിൽ മാത്രമല്ല, പല കാര്യങ്ങളിലും കേരളത്തിലെ കോൺഗ്രസിന്റെ പോക്ക് എന്തൊരു പോക്കാണെന്ന് പെട്ടന്നാർക്കും മനസ്സിലാക്കാനും പറ്റില്ല.
ഒടുവിലിപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ദ മോഡി ക്വസ്റ്റൻ എന്ന ബിബിസിയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് രാജിവച്ചപ്പോഴും എന്ത് നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് പിടികിട്ടില്ല. ഗ്രൂപ്പുകൾ ഇല്ലാതാക്കുമെന്ന് വിഡി സതീശൻ പല ആവർത്തി പറയുമ്പോഴും കോൺഗ്രസിൽ ഗ്രൂപ്പുകളിൽ തന്നെ പുതിയ ഗ്രൂപ്പുകൾ വളർന്നു കഴിഞ്ഞോയെന്നാണ് സംശയിക്കേണ്ടത്. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചാണ് അനിൽ ആന്റണി രാജിവച്ചത്. കോണ്‍ഗ്രസിലെ മെരിറ്റ് പാദസേവയും മുഖസ്തുതിയുമാണെന്നാണ് അനിൽ ആന്റണി രാജിക്കത്തിൽ ആരോപിക്കുന്നത്.
കെപിസിസിയുടെ ഡിജിറ്റല്‍ സെല്ലിന്റെ പുനസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകളുമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രസ്താവനയോട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ പ്രതികണം. യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും മറ്റാരെങ്കിലും പറയുന്നത് ഔദ്യോഗികനിലപാടല്ലെന്നും ഷാഫി പറമ്പിലും പറഞ്ഞു. കോൺഗ്രസിന്റെ കേരള നേതാക്കളുടെ പുകഞ്ഞ കൊള്ളിയായ ശശി തരൂരിനോട് മാത്രമാണ് കടപ്പാടുള്ളതെന്നും പറയുമ്പോൾ അനിൽ ആൻ്റണിയുടെ പാർട്ടിയുമായുള്ള ബന്ധത്തിൽ ഇപ്പോഴെങ്ങും വന്ന അകലമല്ലെന്നും വ്യക്തം. ഇങ്ങനെയെല്ലാം കോൺഗ്രസ് പാർട്ടി കലങ്ങി മറിയുമ്പോഴും കേരള രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം എന്താണെന്ന് സ്വയം മനസ്സിലാക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനും ശശി തരൂരിന് സ്വയം ബാധ്യതയുണ്ട്.
കാരണം, അടിത്തട്ടിൽ പ്രവർത്തിച്ച് ഉയർന്ന് വന്ന നേതാവല്ല തരൂർ. കോൺഗ്രസ് നേതാക്കൾക്ക് പാർട്ടിയിൽ ലഭിക്കാവുന്നതിലും വലിയ സ്ഥാനമാനങ്ങൾ എളുപ്പത്തിൽ നേടിയെടുത്ത ഒരു കെട്ടിയിറക്കപ്പെട്ട രാഷ്ട്രീയക്കാരനായാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ശശി തരൂരിനെ കാണുന്നത്. മൂന്ന് തവണ തിരുവനന്തപുരത്ത് നിന്ന് തരൂർ ലോക്സഭയിലെത്തി. ഇനിയും തരൂരിന് ജയിക്കാനും സാധ്യതകളുണ്ട്. എന്നാൽ, കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായി, മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കാൻ സാധിക്കുന്ന നിലയിലേക്ക് വളരാൻ തരൂരിന് സാധിക്കുമോ. സാധ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും അതിനുള്ള ശ്രമം തരൂർ നടത്തുന്നുവെന്ന് വേണം സമീപകാലത്തെ അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.
നേരത്തെ മലബാർ യാത്രകളിലും പിന്നീട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തും തരൂരിന് ലഭിച്ച സ്വീകരണം യുഡിഎഫിൽ തരൂരിനുള്ള സ്വീകാര്യത വ്യക്തമാക്കുന്നതാണ്. കേരളത്തിലെ മതനേതാക്കളെയും സമുദായ നേതാക്കളെയും സന്ദർശിച്ച് തരൂർ തന്റെ സാന്നിധ്യം അറിയിക്കുന്നുമുണ്ട്. എന്നാൽ, കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികളോടുള്ള തരൂരിന്റെ മൃദുസമീപനം കേരളത്തിന്റെ കോൺഗ്രസിന്റെ നേതാക്കളെ എത്രത്തോളം തരൂരിനൊപ്പം നിർത്തുമെന്നാണ് കണ്ടറിയേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...