കൊല്ലം ∙പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് മുന്‍ എംപി പീതാംബരകുറുപ്പിന് കേന്ദ്രസംഘം നോട്ടിസ് അയച്ചു. ശനിയാഴ്ച ഹാജറായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കലക്ടര്‍ നിഷേധിച്ച വെടിക്കെട്ട് മറികടന്നു നടത്തിയത് രാഷ്ട്രീയ ഇടപെടൽ ഉണ്ടായതുകൊണ്ടാണെന്ന് ക്ഷേത്രഭാരവാഹികൾ കേന്ദ്രകമ്മിഷനു മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രസംഘം മുൻ എംപിക്ക് നോട്ടീസ് അയച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷേത്രം ഭാരവാഹികൾ കേന്ദ്രകമ്മിഷനു നൽകിയ മൊഴിയുടെ സത്യാവസ്ഥ മനസിലാക്കാനാണ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപെടുത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സംഘം അറിയിച്ചു. പൊലീസ് മുഖേനയാണ് പീതാംബരകുറുപ്പിന് നോട്ടീസ് അയച്ചത്. ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കും പറവൂർ നഗരസഭാ ഭാരവാഹികൾക്കും തെളിവെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.മു‍ൻ ജനപ്രതിനിധിയില്‍ ഉൾപ്പെട്ടവരെയാണ് സഹായിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ വെളിപ്പെടുത്തിയിരുന്നു. 


വെടിക്കെട്ടപകടത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. എ.കെ.യാദവ് അധ്യക്ഷനായ കമ്മിഷനാണ് നോട്ടിസ് അയച്ചത്. വെടിക്കെട്ട് കേസിലെ ഒന്നാം പ്രതിയും പുറ്റിങ്ങൽ ക്ഷേത്രഭരണസമിതി സെക്രട്ടറിയുമായ ജെ. കൃഷ്ണൻ കുട്ടി പിള്ളയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെടിക്കെട്ടു നിരോധിച്ചുള്ള കലക്ടറുടെ ഉത്തരവുമായി വില്ലേജ് ഓഫിസർ ഏപ്രിൽ എട്ടിനു ക്ഷേത്രത്തിലെത്തിയപ്പോള്‍ അവിടെ മുൻ ജനപ്രതിനിധിയായ രാഷ്ട്രീയ നേതാവുമുണ്ടായിരുന്നതായി  പറഞ്ഞിരുന്നു.