തിരുവനന്തപുരം: കേരളത്തിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്ത് എത്തുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി എത്തുക എന്ന് കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ പത്തിന് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലെത്തും. അവിടെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയിലും അദ്ദേഹംപങ്കെടുക്കും. 


ഇതിന് ശേഷം റോഡ് മാര്‍ഗം ആലുവ, പറവൂര്‍ എന്നിവിടങ്ങളിലെത്തി ഇവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. രണ്ടാം ദിവസം രാവിലെ വയനാട് ജില്ലയും ഉച്ചയോടെ കോഴിക്കോടും സന്ദര്‍ശിക്കുന്ന അദ്ദേഹം അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും. 


അതേസമയം, ദുരിതബാധിതര്‍ക്ക് ആയിരം വീടുകള്‍ കെ.പി.സി.സി നിര്‍മ്മിച്ചു നല്‍കുമെന്ന് രാഹുല്‍ ഗാന്ധി മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം കേരളം സന്ദര്‍ശിക്കാന്‍ എത്തുന്നത്. കൂടാതെ, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഓരോ വീട് വീതം നിര്‍മ്മിച്ചു നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.