R Bindu | ഗവേഷക വിദ്യാർഥിയുടെ സമരം; നീതി ഉറപ്പാക്കുമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആർ.ബിന്ദു; നടപടിയെടുക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാർഥി
അധ്യാപകനെതിരെ നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷക വിദ്യാർഥി ദീപ പി മോഹനൻ വ്യക്തമാക്കി.
തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ (MG University) സമരം നടത്തുന്ന ദളിത് വിദ്യാർത്ഥി ദീപ പി മോഹനന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു (R Bindu). വിദ്യാർത്ഥിയുടെ പരാതി സർവ്വകലാശാല എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ (Facebook post) വ്യക്തമാക്കി. അതേസമയം, അധ്യാപകനെതിരെ നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷക വിദ്യാർഥി ദീപ പി മോഹനൻ വ്യക്തമാക്കി.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: എംജി സർവ്വകലാശാലയിൽ ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ നടത്തിവരുന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ടുകൊണ്ട്, വിദ്യാർത്ഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങൾ കണ്ട് സർവ്വകലാശാലാ അധികൃതർ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസ്സങ്ങൾക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി-ലാബ്-ഹോസ്റ്റൽ സംവിധാനങ്ങളുൾപ്പെടെ എല്ലാ പശ്ചാത്തലസൗകര്യങ്ങളും നൽകാമെന്നും താൻതന്നെ ഗൈഡായി പ്രവർത്തിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പുകൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
എന്നാൽ, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തിൽ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്. ഹൈക്കോടതിയും പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയിൽ. ഇവകൂടി പരിഗണിച്ച് വിദ്യാർത്ഥിനിയുടെ പരാതി സർവ്വകലാശാല എത്രയും പെട്ടെന്നു തീർപ്പാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് സർവ്വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതികതടസ്സമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്. വിദ്യാർത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് സർവ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകും. ഇതൊരുറപ്പായെടുത്ത് സമരത്തിൽനിന്നു പിന്മാറണമെന്ന് വിദ്യാർത്ഥിനിയോട് അഭ്യർത്ഥിക്കുന്നു. കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാൻ വരാത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...