തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിലപാട് കടുപ്പിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. കായൽ കയ്യേറ്റ‍വുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് റവന്യൂമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അതേസമയം, കളക്ടറുടെ റിപ്പോര്‍ട്ടിന്‍ മേല്‍ നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ നീക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING

കളക്ടറുടെ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ റവന്യൂമന്ത്രി മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. നിയമലംഘനം നടന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. ഇത് രണ്ടും പ്രത്യേകം അന്വേഷിക്കണമെന്നും നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റവന്യൂമന്ത്രി ആവശ്യപ്പെട്ടു. 


കുട്ടനാട്ടിൽ മന്ത്രി തോമസ് ചാണ്ടിയുടെയും ബന്ധുവിന്‍റെയും ഭൂമി ഇടപാടുകളിൽ ഭൂസംരക്ഷണ നിയമവും നെൽവയൽ‌, തണ്ണീർ‌ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായുമാണ് കളക്ടർ ടി.വി.അനുപമ റിപ്പോർട്ട് നൽകിയത്. നികത്തിയ സ്ഥലങ്ങൾ പൂർവസ്ഥിതിയിലാക്കണമെന്നും ഇതിന് ഒത്താശ ചെയ്ത റവന്യു, ജലവിഭവ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.