SC-ST Fund തട്ടിപ്പ്; കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി K Radhakrishnan
പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള ഫണ്ട് തട്ടിയ കേസിലെ പ്രതി രാഹുൽ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു
തിരുവനന്തപുരം: എസ് സി-എസ് ടി ഫണ്ട് (SC-ST Fund) തട്ടിപ്പ് കേസിൽ ആരെയും സംരക്ഷിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള ഫണ്ട് തട്ടിയ കേസിലെ പ്രതി (Accused) രാഹുൽ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കുള്ള പഠനമുറി നിർമാണം, വിവാഹസഹായം എന്നീ ആനുകൂല്യങ്ങളാണ് ക്ലർക്ക് രാഹുൽ തട്ടിയെടുത്തത്. പഠന മുറി നിർമാണത്തിന് (Education Fund) രണ്ട് ലക്ഷം രൂപയും വിവാഹ സഹായമായി 75,000 രൂപയും ഗ്രാന്റായി നൽകുന്ന പദ്ധതിയിൽ നിന്നാണ് പണം തട്ടിയത്.
ഓൺലൈൻ ഫണ്ട് നീക്കം വന്നതോടെ തട്ടിപ്പിന് കൂടുതൽ സൗകര്യമായി. പാവപ്പെട്ടവരെ തട്ടിച്ച് ഫണ്ട് തട്ടാൻ എളുപ്പമായെന്നും മന്ത്രി പറഞ്ഞു. ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
ഇയാളുടെ സ്ഥലം മാറ്റത്തിന് ശേഷം വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തി പൊലീസിനെ അറിയിച്ചത്. മൂന്ന് മാസം മുൻപ് നടത്തിയ പരിശോധനയിൽ 75 ലക്ഷം രൂപ തട്ടിയെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് രാഹുൽ ഒളിവിൽ പോയി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുടർന്നാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്.
അതേസമയം, കേന്ദ്ര സർക്കാർ (Central government) കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പട്ടികജാതി ക്ഷേമഫണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കൾ തട്ടിയെടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. തിരുവനന്തപുരത്തെ ഒരു എസ്.സി പ്രമോട്ടറെ സ്വാധീനിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ഫണ്ട് തട്ടിയത് ഇതിന്റെ ഉദ്ദാഹരണമാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗത്തിൻ്റെ അമ്മയുടേയും അച്ഛൻ്റെയും അക്കൗണ്ടിലേക്ക് ട്രഷറി വഴി പണം എത്തിയെന്ന് എസ്.സി പ്രമോട്ടർ പരാതി നൽകിയിട്ടും സർക്കാർ അവഗണിച്ചു. 2016 മുതൽ പണം വരുന്നുണ്ടെങ്കിലും ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല.
പാവപ്പെട്ട പട്ടികജാതിക്കാർക്ക് കിട്ടേണ്ട പണം അക്കൗണ്ട് നമ്പർ മാറ്റി സിപിഎമ്മുകാർ തട്ടിയെടുക്കുകയാണ്. ഈ കേസിൽ പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും അവരുടെ അനാസ്ഥ കാരണം പ്രതികൾക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരത്തേത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. കേരളത്തിലെ എല്ലാ നഗരസഭകളിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. എസ്.സി പ്രമോട്ടർമാർ വഴിയാണ് അഴിമതി നടക്കുന്നത്. പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന് അഴിമതിയുടെ കാര്യങ്ങൾ നേരത്തെ അറിയാമായിരുന്നെങ്കിലും അദ്ദേഹം കണ്ണടച്ചു. സിപിഎം സെക്രട്ടറി എ.വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
പഠനത്തിനും മറ്റു കാര്യത്തിനുമായി പട്ടികജാതി വിഭാഗത്തിന് കിട്ടേണ്ട പണം സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത് ഉന്നത നേതാക്കൾ അറിഞ്ഞിട്ടും അഴിമതി മറച്ചുവെച്ചു. ഈ കേസിൽ സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രി ഇടപെട്ട് എന്താണ് നടന്നതെന്ന് വിശദീകരിക്കണം. കേന്ദ്ര-സംസ്ഥാന പട്ടികജാതി കമ്മീഷനുകൾ പ്രശ്നത്തിൽ ഇടപെടണം. ട്രെഷറി ഉദ്യോഗസ്ഥർക്കും പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA