തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്കൂളുകള്‍ തുറന്ന്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളെയും ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് മാര്‍ച്ച് 28ന് പരീക്ഷകള്‍ അവസാനിപ്പിച്ച് 31ഓടെ സ്‌കൂളുകള്‍ മധ്യവേനലവധിയില്‍ പ്രവേശിക്കണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തരവനുസരിച്ച് എല്‍.പി തലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെ ക്ലാസ് നടത്താന്‍ പാടില്ല. സി.ബി.എസ്.സിയടക്കം മറ്റു ബോര്‍ഡുകളുടെ പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഗവ., എയ്ഡഡ്, അണ്‍ എയ്ഡഡ് ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസുകള്‍ നടത്തരുതെന്നാണ് ബന്ധപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 


ചുരുങ്ങിയ ദിവസത്തെ അവധി നല്‍കിയശേഷം പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമെന്ന് പല സ്‌കൂളുകളും വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതിനെതിരേ നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും സംസ്ഥാന ബാലാവകാശ കമ്മിഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഈ വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തില്‍ ഉത്തരവിറക്കിയിരുന്നു.
 
അതുകൂടാതെ വേണ്ടത്ര വിശ്രമമില്ലാതെ അവധി ദിനങ്ങളിലും പഠനത്തിനായി കുട്ടികള്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ അത് അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് വിഘാതമാവുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. കൂടാതെ ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന ചൂടും ജലക്ഷാമവും കുട്ടികളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 


അതേസമയം മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനും കര്‍ശന മാനദണ്ഡം കൊണ്ടുവന്നിട്ടുണ്ട്. ക്യാമ്പ് നടത്തുന്ന സ്‌കൂള്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. ഒരു മധ്യവേനലവധിക്കാലത്ത് പരമാവധി ഏഴു ദിവസം മാത്രമാണ് പ്രവര്‍ത്തനാനുമതി. ഇതിനായി അതത് പ്രദേശത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറില്‍ നിന്നോ ജില്ലാ വിദ്യാഭ്യാസ ഓഫിസറില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങണം. അതുകൂടാതെ സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കാനും അതത് മേഖലകളിലെ വിദ്യാഭ്യാസ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.