തൃശൂര്‍: ഗുരുവായൂർ നെന്മിനിയിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. ബി.ജെ.പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.


കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ രണ്ട് ദിവസത്തെയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെംപിള്‍, പാവറട്ടി പൊലീസ് സ്റ്റേഷനുകളുടെ പരിധികളിലാണ് നിരോധനാജ്ഞ. കളക്ടര്‍ എസ്.കൌശിഗനാണ് 144 പ്രഖ്യാപിച്ചത്.  ഇന്നലെയാണ് ആർ.എസ്.എസ് പ്രവർത്തകനായ ആനന്ദിനെ ഒരു സംഘം അക്രമികള്‍ കാറിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെപിയുടെ പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. സിപിഎം പ്രവർത്തകനായിരുന്ന ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.