തിരുവനന്തപുരം:  സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  ഇതിനായി ശിവശങ്കർ എൻഐഎയുടെ കൊച്ചി ആസ്ഥാനത്തിലേക്ക് പുറപ്പെട്ടു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പുലർച്ചെ നാലരയോടെ വീട്ടിൽ നിന്നും തിരിച്ച ശിവശങ്കറിന് കഴക്കൂട്ടം വരെ പൊലീസ് അകമ്പടിയുണ്ടായിരുന്നു.  എൻഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കൊച്ചിയിൽ എത്തിയിട്ടുണ്ട്.  ശിവശങ്കറിന് ലഭിച്ചിട്ടുള്ള നിർദ്ദേശമനുസരിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് എൻഐഎ ഓഫീസിൽ ഹാജരാകണം എന്നായിരുന്നു.  എൻഐഎ കൊച്ചി യൂണിറ്റിനൊപ്പം ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥരും ചേർന്നായിരിക്കും ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യുന്നത്.  


Also read: സ്വര്‍ണക്കടത്ത്;തിങ്കളാഴ്ച നിര്‍ണ്ണായകം;ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും;ഇടത് മുന്നണി യോഗം മാറ്റി!


അന്വേഷണ സംഘം 56 ചോദ്യങ്ങൾ തയ്യാറാക്കിവച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.  പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും ഇന്ന് ശിവശങ്കറിനെ ചോദ്യം ചെയ്യുക.  ഇത് വീഡിയോയിൽ പകർത്തും.  കേസിലെപ്രതികളായ സ്വപ്നയേയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോട് ഉള്ളതെന്നും നേരത്തെ തിരുവനന്തപുരത്ത് വച്ചുള്ള ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞിരുന്നു.  


ശിവശങ്കർ എൻഐഎയ്ക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന.  ഇതിൽ ഇന്ന് ഉദ്യോഗസ്ഥർ വിശദീകരണം തേടുമെന്നും റിപ്പോർട്ട് ഉണ്ട്.  ഇന്ന് ചോദ്യം ചെയ്തശേഷം വിട്ടയക്കുമോ അതോ അറസ്റ്റുണ്ടാകുമോ  തുടങ്ങിയ അഭ്യൂഹങ്ങൾ അനവധിയാണ്.  ഇതാദ്യമായാണ് ഈ കേസുമായി ബന്ധപ്പെട്ട് ഒരു ഉന്നത ഉദ്യോഗസ്ഥൻ നിരന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്നത്.  ഒരുപക്ഷേ ശിവശങ്കറിന്റെ അറസ്റ്റ് ഉണ്ടായാൽ അത് തീർച്ചയായും മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമുള്ള വൻ കുരുക്കായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.