കൊറോണ: SSLC, പ്ലസ് 2 പരീക്ഷകള്‍ക്ക് മാറ്റമില്ല, പത്തനംതിട്ടയില്‍ അതീവ ജാഗ്രത!
സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി നിലനില്‍ക്കേ മാറ്റമില്ലാതെ SSLC, പ്ലസ് 2 പരീക്ഷകള്‍!!
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി നിലനില്‍ക്കേ മാറ്റമില്ലാതെ SSLC, പ്ലസ് 2 പരീക്ഷകള്‍!!
പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം നാളെ തന്നെ പരീക്ഷകള്‍ ആരംഭിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു.
ഇതാദ്യമായാണ് SSLC, പ്ലസ് 2, വൊക്കേഷണല്‍ പരീക്ഷകള്‍ ഒരേ ദിവസം ഒരേ സമയത്ത് ആരംഭിക്കുന്നത്. ഏകദേശം 17 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷയെഴുതുന്നത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശുപത്രിയില്‍ തന്നെ പരീക്ഷയെഴുതാന്‍ സാഹചര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു.
അതീവ ജാഗ്രാതയിലാകും സംസ്ഥാനത്ത് പരീക്ഷകള്‍ നടക്കുക. യുഎഎ, ലക്ഷദ്വീപ് എന്നിവിടങ്ങളും നാളെയാണ് പരീക്ഷ. രാവിലെ ഒന്‍പതര മുതല്‍ പന്ത്രണ്ടര വരെയാണ് പരീക്ഷകള്‍ നടക്കുക.
രോഗ ബാധിതരുമായി അടുത്തിടപഴകിയതും രോഗ ലക്ഷണങ്ങളുള്ളവരുമായ കുട്ടികൾ പരീക്ഷ എഴുതരുതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് നിര്‍ദേശിച്ചു. പ്രത്യേക നിരീക്ഷണത്തിലാകും 5 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ പരീക്ഷകള്‍ നടക്കുക.
പ്ലസ് 2, വൊക്കേഷണല്‍ വിഭാഗങ്ങളിലായി 13 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുമ്പോള്‍ എകേശം 4 ലക്ഷം വിദ്യാര്‍ത്ഥികളാണ് SSLC പരീക്ഷയെഴുതുന്നത്.
2945 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് SSLC പരീക്ഷകള്‍ നടക്കുക. സര്‍ക്കാര്‍ സ്കൂളുകളിലെ 1,38,457 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 2,53,539 കുട്ടികള്‍ എയ്ഡഡ് സ്കൂളുകളില്‍ പരീക്ഷ എഴുതുമ്പോള്‍ 30,454 കുട്ടികളാണ് അൺഎയ്‌ഡഡ് സ്കൂളുകളിൽ പരീക്ഷയെഴുതുക.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്. 26869 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുക. 2107 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന കേന്ദ്രം തിരൂരങ്ങാടിയിലെ എടരിക്കോട് PKMMHS ആണ്. 2327 വിദ്യാര്‍ത്ഥികളാണ് PKMMHSല്‍ പരീക്ഷ എഴുതുന്നത്. കുട്ടനാട് തെക്കേക്കര ഗവണ്‍മെന്‍റ് HSല്‍ രണ്ട് പേര്‍ മാത്രമാണ് പരീക്ഷയെഴുതുക. 48 കേന്ദ്രങ്ങളിലായി 3091 പേരാണ് THSLC വിഭാഗത്തില്‍ പരീക്ഷയെഴുതുക.
ചെറുതുരുത്തി ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലാമണ്ഡലം കേന്ദ്രത്തില്‍ AHSLC വിഭാഗത്തില്‍ 70 പേരാണ് പരീക്ഷയെഴുതുക. SSLC hearing impaired വിഭാഗത്തില്‍ 261 പേരും THSLC hearing impaired വിഭാഗത്തില്‍ 17 പേരും പരീക്ഷയെഴുതും.