ന്യൂഡല്‍ഹി: കേരളാ ഹൗസില്‍ കത്തി വീശിയത് മാനസികാസ്വാസ്ഥ്യമുള്ള ആളെന്ന് പൊലീസ്. വിമല്‍ രാജിനെ ഡല്‍ഹി ശാദ്രയിലെ മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നില്‍ കത്തിയുമായി എത്തിയത്. സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ യുവാവിന്‍റെ കൈയ്യില്‍നിന്ന് കത്തി പിടിച്ചുവാങ്ങി. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കത്തിയുമായി എത്തിയത്. വൻ സുരക്ഷാവീഴ്ചയായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്. വിമൽ രാജിനെ പിടികൂടി ഡൽഹി പൊലീസിനു കൈമാറി. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.


രാവിലെ 9.25 ഓടുകൂടിയാണ് ഇയാള്‍ എത്തിയത്. ഇയാളുടെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണണമെന്നു പറഞ്ഞാണ് ഇയാള്‍ എത്തിയത്. ഇതിനിടയിലാണ് ബാഗ് തുറന്ന് കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് ബഹളം വെക്കുകയും ചെയ്തു.


ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ഇയാള്‍ പറയുന്നു. താൻ മരിക്കാൻ പോകുകയാണെന്നും ജീവിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും വിമൽ വിളിച്ചു പറഞ്ഞു. തന്നെ ജോലി ചെയ്യാൻ അനുവദിക്കണം. ജീവിക്കാൻ മാർഗമില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വിമൽരാജ് ആരോപിച്ചു.


ആത്മഹത്യഭീഷണി മുഴക്കി കേരളാ ഹൗസിന് മുന്‍പില്‍ നിന്ന ഇയാള്‍ പല കാര്യങ്ങളും അവ്യക്തമായി പറയുന്നുണ്ടായിരുന്നു. തനിക്ക് രണ്ട് മക്കളാണെന്നും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും നാല് ജില്ലകളിലായി മാറി മാറി താമസിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. നിരന്തരം മുഖ്യമന്ത്രിയെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒന്നിനും പരിഹാരമാവുന്നില്ല എന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആയുര്‍വേദരംഗത്ത് പ്രവര്‍ത്തിക്കുകയാണ് താനെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍ എന്താണ് ഇയാളുടെ പരാതിയെന്നോ പ്രശ്നമെന്നോ ആര്‍ക്കും വ്യക്തമായില്ല. 


സംഭവം നടക്കുമ്പോള്‍ കേരളഹൗസിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പിന്നീട് ഇയാളെ അനുനയിപ്പിക്കാനെത്തിയെങ്കിലും അദ്ദേഹത്തോടും ഇയാള്‍ തട്ടിക്കയറി സംസാരിച്ചു.  ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 


വീഡിയോ കാണാം: