തിരുവനന്തപുരം:  ആരാധനാലയങ്ങൾ തുറക്കാനും ഭക്തരെ പ്രവേശിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയെങ്കിലും ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി  കണ്ഠരര് മഹേഷ് മോഹനര്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ശബരിമലയിലെ ഉത്സവം മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്.  കൂടാതെ ദേവസ്വം പ്രസിഡന്റിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.  ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോറോണ വ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.  


ശബരിമലയിൽ കൂടുതലായി എത്തുന്നത് തമിഴ്നാട്,  ആന്ധ്ര, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ തീർത്ഥാടകരാണെന്നും അവിടെയെല്ലാം സാഹചര്യം വളരെ മോശമാണെന്നും അതുകൊണ്ടുതന്നെ രോഗവ്യാപനം വർദ്ധിക്കാൻ ഇടയാകുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  


Also read: ബംഗാളിൽ മുൻ സിപിഎം എംപി ബിജെപിയിൽ ചേർന്നു


ശബരിമലയിൽ മിഥുന മാസ പൂജകൾക്കായി ജൂൺ 14 ന് നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു.  14 മുതൽ 28 വരെ മാസപൂജയും ഉത്സവവവുമാണ്  നടക്കേണ്ടത്.  ഈ സമയം ഭക്തർക്ക് വിർച്വൽ ക്യൂ വഴി പ്രവേശനം നൽകാനാണ് തീരുമാനം.  


ഉത്സവചടങ്ങുകൾ ആരംഭിച്ചശേഷം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും കോറോണ ബാധ സ്ഥിരീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടിവരുമെന്നും അങ്ങനെ സംഭവിച്ചാൽ ഉത്സവ ചടങ്ങുകൾ ആചാരപ്രകാരം പൂർത്തിയാക്കാൻ സാധിക്കില്ലയെന്നും അതുകൊണ്ടുതന്നെ ഉത്സവം മാറ്റിവയ്ക്കണമെന്നത് അംഗീകരിക്കണമെന്നും തന്ത്രി കത്തിൽ  ആവശ്യപ്പെട്ടിട്ടുണ്ട്. 


ഈ വിഷയത്തിൽ എന്താണ് വേണ്ടതെന്ന് ദേവസ്വം ബോർഡ് ആണ് തീരുമാനിക്കേണ്ടത്.  മിഥുന മാസത്തിലെ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചിരുന്നു.   ഇതിനു പിന്നാലെയാണ് തന്ത്രിയുടെ ഈ കത്ത്.