കൊൽക്കത്ത: ആഭ്യന്തര മന്ത്രി അമിത് ഷാ വിർച്വൽ റാലി നടത്തി ബംഗാളിൽ മാറ്റത്തിന് വേണ്ടി ആഹ്വാനം ചെയ്തതിന് പിന്നാലെ മുൻ സിപിഎം എംപി ജ്യോതിർമയി സിക്ദർ ബിജെപിയിൽ ചേർന്നു. ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് കൂടിയാണ് ജ്യോതിർമയി.
ഇന്നലെയായിരുന്നു അമിത് ഷായുടെ വിർച്വൽ റാലി ബംഗാളിൽ നടന്നത്. ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ജോതിർമയി ബിജെപിയിൽ ചേർന്നത്. 2004 ലെ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ മണ്ഡലത്തിൽ ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി സത്യബ്രത മുഖർജിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ജ്യോതിർമയി ലോക്സഭയിലെത്തുന്നത്.
Also read: അഭിഭാഷകനില്ല!!! രാഹുലിൻ്റെ എംപി സ്ഥാനം റദ്ദാക്കാനുള്ള സരിതയുടെ ഹർജി മാറ്റിവച്ചു
2009 ലെ തിരഞ്ഞെടുപ്പിലും സിപിഎമ്മിനായി മത്സരിച്ചുവെങ്കിലും ജയിക്കാനായില്ല. കൂടാതെ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജ്യോതിർമയി പരാജയപ്പെട്ടു. കഴിഞ്ഞ ഏതാനും മാസത്തിനിടെ ബംഗാളിൽ ബിജെപിയിലേക്ക് ചേക്കേറുന്ന മൂന്നാമത്തെ പ്രമുഖ സിപിഎം നേതാവാണ് ജ്യോതിർമയി സിക്ദർ. ഇവിടെ ബിജെപിയിൽ ചേർന്ന മുൻ സിപിഎം നേതാക്കൾ ഇപ്പോൾ ഉന്നത പദവികളിലാണ്. അതിൽ മുൻ സിപിഎം എംഎൽഎ മുഹ്ഫുസ ഖാതൂൻ, ഖഗെൻ മുർമു എന്നിവർ ഉൾപ്പെടും.