കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിനെ (പൾസർ സുനി) വിയ്യൂർ ജയിലിലേക്കു മാറ്റാൻ കോടതിയുടെ നിർദ്ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം ജില്ലാ ജയിലിൽ തനിക്ക് ചിലരിൽനിന്ന്‍ ഉപദ്രവമുണ്ടായെന്ന്‍ പൾസർ സുനി കോടതിയെ ധരിപ്പിച്ചെന്നാണ് അറിയുന്നത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൾസർ സുനിയെ ജയിൽ മാറ്റാൻ അങ്കമാലി കോടതി നിർദേശിച്ചത്. ഈ മാസം 30 വരെ സുനിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.


കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട 'മാഡ'ത്തെക്കുറിച്ച് കോടതിയിൽ ഹാജരാക്കുമ്പോൾ വെളിപ്പെടുത്തല്‍ നടത്തുമെന്ന് സുനി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച സുനിയെ അങ്കമാലി കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവ് പൊലീസ് നേടിയിരുന്നു.


ഗുഢാലോചനയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ സര്‍ക്കാരും അന്വേഷണ സംഘവും ചേര്‍ന്നു ശ്രമിക്കുകയാണെന്നു സുനിയുടെ അഭിഭാഷകന്‍ ബി.എ ആളൂർ ആരോപിച്ചിട്ടുണ്ട്. താൻ പറഞ്ഞു പറ്റിക്കുകയല്ലെന്നും എല്ലാം അങ്കമാലി കോടതിയിൽ പറയുമെന്നും മാധ്യമങ്ങളോട് സുനി ജില്ലാ ജയിലിലേക്ക് കയറും പ്രതികരിച്ചിരുന്നു.


'മാ‍ഡം' കെട്ടുകഥയല്ലെന്നും അത്തരത്തിലൊരാൾ ഉണ്ടെന്നും പൾസർ സുനി മുൻപും പറഞ്ഞിരുന്നു. ഇവര്‍ സിനിമ നടിയാണെന്നും കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു.