അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
Attappadi: ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സിന് സമീപമെത്തിക്കാന്‍ മൂന്നര കിലോ മീറ്റര്‍ ദൂരമാണ് ഗര്‍ഭിണിയെ ബന്ധുക്കള്‍ തുണിയില്‍ കെട്ടി ചുമന്നത്
പാലക്കാട്: അട്ടപ്പാടി കടുകമണ്ണ ഊരില്‍ ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്ന സംഭവം ശ്രദ്ധയില്‍പ്പെടുത്തി മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആരോഗ്യരംഗത്ത് കാലങ്ങളായി കേരളം നേടിയെടുത്ത മികവിന്റെ ശോഭ ഒന്നാകെ കെടുത്തിയ സംഭവമാണ് അട്ടപ്പാടിയിൽ ഉണ്ടായത്. ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സിന് സമീപമെത്തിക്കാന്‍ മൂന്നര കിലോ മീറ്റര്‍ ദൂരമാണ് ഗര്‍ഭിണിയെ ബന്ധുക്കള്‍ തുണിയില്‍ കെട്ടി ചുമന്നത്. സംഭവം നടന്നതിന്റെ തലേദിവസം പരിശോധനയ്ക്കായി കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ യുവതിയെ വീട്ടിലേക്ക് മടക്കി അയച്ചെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.
ALSO READ: കാട്ടിലൂടെ നടന്നത് മൂന്നര കിലോമീറ്റര്‍; ഗര്‍ഭിണിയെ തുണിയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു
വീട്ടിലെത്തി രാത്രി 12 മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലേക്കും 108 നമ്പറിലും ബന്ധപ്പെട്ടെങ്കിലും പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആംബുലന്‍സ് എത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും പ്രത്യേക പരിഗണന വേണ്ട അട്ടപ്പാടി ആദിവാസി സമൂഹം നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും പല തവണ നിയമസഭയിലും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഷോളയൂര്‍, പുതൂര്‍, അഗളി പഞ്ചായത്തുകളിലെ 192 ഊരുകളിലായി 12000 കുടുംബങ്ങളാണുള്ളത്. മേഖലയില്‍ പോഷകാഹാരക്കുറവിനെ തുടര്‍ന്നുണ്ടാകുന്ന ശിശു മരണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനും ഇതുവരെ സാധിച്ചിട്ടില്ല.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് മരണസംഖ്യ കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശിശുമരണങ്ങള്‍ വ്യാപകമായത് സര്‍ക്കാര്‍ ഇടപെടലും സഹായവും കുറഞ്ഞെന്നതിന്റെ തെളിവാണ്. സര്‍ക്കാര്‍ ആദിവാസികളുടെ ക്ഷേമത്തിനായി കോടികള്‍ ചെലവഴിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഗുണം ആദിവാസി സമൂഹത്തിന് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് മികച്ച ചികിത്സയും ഊരുകളിലേക്കുള്ള റോഡും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ അടിയന്തര പ്രധാന്യത്തോടെ കര്‍മ്മപദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...