കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ പ്രവാസി അവഗണനയ്ക്കും അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ ജൂലായ് 9 ന് എൻ.ഡി.എ സംസ്ഥാന നേതൃത്വത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളത്ത് നടന്ന എൻ.ഡി.എ സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. കേരളത്തിൽ എൻ.ഡി.എയുടെ ബഹുജനാടിത്തറ വർദ്ധിപ്പിച്ച് മുന്നണി സംവിധാനം ശക്തമാക്കുമെന്നും നേതൃയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ എൻ.ഡി.എ ചെയർമാനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ പറഞ്ഞു.


പ്രവാസികളെ അവഗണിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് തിരുത്തും വരെ ശക്തമായ പ്രതിഷേധം നടത്തും. പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അത് തടയാൻ സംസ്ഥാനം നടത്തുന്ന കരുനീക്കം എൻ.ഡി.എ മുന്നണി ഒറ്റക്കെട്ടായി എതിർക്കും. 


കേന്ദ്രസർക്കാരിൻ്റെ ഊർജ്ജിതമായ പ്രവർത്തനത്തിൻ്റെ ഫലമായി 1.25 ലക്ഷം പ്രവാസികൾ നാട്ടിൽ തിരിച്ചെത്തി കഴിഞ്ഞു. ഇതിന് വേണ്ടി ശക്തമായ നിലപാടെടുത്ത കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ നേതൃയോഗം അഭിനന്ദിച്ചു.


സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് പ്രവർത്തനങ്ങൾ പാളിയതായും മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനമില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഉറവിടമില്ലാത്ത കേസുകൾ വർദ്ധിച്ചതും ക്വോറൻ്റയിൻ സംവിധാനം പൂർണമായും ഇല്ലാതായതും ആശങ്ക ഉയർത്തുന്നു. 


മടങ്ങി വരുന്ന പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ്, പി.പി.ഇ കിറ്റ് തുടങ്ങിയ നൂലാമാലകൾ നിർബന്ധമാക്കിയ സംസ്ഥാന സർക്കാരിൻ്റെ ബാലിശമായ നിർദ്ദേശങ്ങൾ എൻ.ഡി.എ യോഗം അപലപിച്ചു. 


250ൽ അധികം മലയാളികൾ വിദേശത്ത് മരിച്ചപ്പോഴും സംസ്ഥാന സർക്കാരിന് പി.ആർ പ്രചാരണത്തിലാണ് ശ്രദ്ധ. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാനം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. 


കൊവിഡിൻ്റെ മറവിൽ സംസ്ഥാന സർക്കാർ വൻ അഴിമതിയും പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുകയുമാണ് ചെയ്യുന്നത്. പണമുണ്ടാക്കുക എന്നത് മാത്രമാണ് സർക്കാരിൻ്റെ ലക്ഷ്യം. വൈദ്യുതി ബിൽ വർദ്ധന, വെളളക്കര വർദ്ധന, ബസ്ചാർജ് വർദ്ധന തുടങ്ങിയ ജനവിരുദ്ധ നയങ്ങളാണ് സംസ്ഥാനം നടപ്പിലാക്കുന്നത്. 


പി.എസ്.സി നിയമനങ്ങൾ നടപ്പാക്കാത്ത സർക്കാർ പിൻവാതിലിലൂടെ മന്ത്രിമാരുടെ മക്കളെയും ഇഷ്ടക്കാരെയും തിരുകികയറ്റുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ്- സി.പിഎം ചൈനപക്ഷപാതിത്വത്തിനെതിരെ നേതൃയോഗം ശക്തമായി പ്രതിഷേധിച്ചു. 


തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുന്നണി വിപുലപ്പെടുത്താനും പുതിയകക്ഷികളെ ക്ഷണിക്കാനും യോഗത്തിൽ തീരുമാനമായി. ഇതിനായി കെ.സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി, പി.സി തോമസ്, പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ എന്നിവരടങ്ങിയ സബ്കമ്മിറ്റി രൂപീകരിച്ചു. 


തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എൻ.ഡി.എ സഖ്യം മത്സരിക്കും. സീറ്റ് വിഭജനം ഉഭയകക്ഷി ചർച്ചയിലൂടെ പൂർത്തിയാക്കും. ജൂലായ് 13,14,15 തിയ്യതികളിൽ എൻ.ഡി.എ ജില്ലാ നേതൃയോഗവും 30ന് വെർച്ച്വലായി എൻ.ഡി.എ സംസ്ഥാന കൺവെൻഷനും നടത്തുമെന്ന് കെ.സുരേന്ദ്രൻ അറിയിച്ചു. 


യോഗത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ വീഡിയോ കോൺഫ്രൻസ് വഴി പങ്കെടുത്തു. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, കേരളകോൺഗ്രസ് ചെയർമാൻ പി.സി തോമസ്, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംഘടനാ സെക്രട്ടറി എം.ഗണേശൻ, വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, ബി.ഡി.ജെ.എസ് നേതാക്കളായ ബി.ഗോപകുമാർ,എ.എൻ അനുരാഗ്, എം.എൻ ഗിരി, നാഷണലിസ്റ്റ് കോൺഗ്രസ് നേതാവ് കുരുവിള മാത്യൂസ്, ശിവസേന നേതാവ് സജി തുരുത്തിക്കുന്ന്, പി.എസ്.പി നേതാവ് കെ.കെ പൊന്നപ്പൻ, സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് വി.വി രാജേന്ദ്രൻ, എൽ.ജെ.പി നേതാവ് രാമചന്ദ്രൻ, കേരളകോൺഗ്രസ് നേതാവ് രാജൻ കണ്ണാട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.