തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച്‌ വിജിലന്‍സ് നിയമോപദേശം തേടി. ഭൂമി കൈയ്യേറിയെന്ന കേസിലാണ് നിയമോപദേശം തേടാന്‍ വിജിലന്‍സ് തയ്യാറാവുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച്‌ അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നും കായല്‍ നികത്തിയെന്നുമാണ് ആരോപണം. 


മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തിയത് എന്ന ആരോപണം നിലനില്‍ക്കുന്നത്. 


അതേസമയം, താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരു സെന്റ് ഭൂമി പോലും കൈയേറിട്ടിയില്ലെന്നുമാണ് മന്ത്രി തോമസ് ചാണ്ടിയുടെ നിലപാട്. 


ആരോപണത്തെ തുടര്‍ന്ന് മന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം മന്ത്രിക്കെതിരെ കേസെടുക്കാനാകുമോ എന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് കരുതുന്നത്.