മലപ്പുറം: ഒക്ടോബര്‍ 13ന് പ്രഖ്യാപിച്ച യുഡിഎഫ് ഹര്‍ത്താലില്‍ നിന്ന് വൈകീട്ട് മൂന്നു മുതല്‍ എറണാകുളത്തെ ഒഴിവാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിഫ അണ്ടര്‍-17 ലോകകപ്പിന്‍റെ ഭാഗമായുള്ള രണ്ട് മത്സരങ്ങള്‍ അന്ന് കൊച്ചിയില്‍ നടക്കുന്നതിനാലാണ് ഈ തീരുമാനം. 


ഇന്ധനവില വര്‍ധന, ജി.എസ്.ടി എന്നിവയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 13ന് കൊച്ചിയില്‍  ഫിഫ അണ്ടര്‍-17 ഗ്രൂപ്പ്-സി മത്സരം വൈകീട്ട് 5 മണിക്കും ഗ്രൂപ്പ്‌-ഡി മത്സരം രാത്രി 8 മണിക്കും നടക്കുന്നതിനാല്‍ ഹര്‍ത്താല്‍ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് എറണാകുളത്തിന് മാത്രമായി ഹര്‍ത്താല്‍ സമയത്തില്‍ മാറ്റം വരുത്താന്‍ യുഡിഎഫ് നേതൃത്വം നിര്‍ബന്ധിതമായത്.