കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ രാഷ്ട്രീയ പ്രചാരണ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. പടയൊരുക്കമെന്ന് പേരിട്ടിരിക്കുന്ന യാത്ര കാസർകോട് ഉപ്പളയിൽ നിന്ന് വൈകുന്നേരം മുന്ന് മണിക്ക് തുടങ്ങും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. 


കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ജനരോഷം ഉയർത്താൻ ലക്ഷ്യമിട്ടാണ് യാത്ര നടത്തുന്നത്. യാത്രയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും, ശരത് യാദവ്, ഗുലാം നബി ആസാദടക്കമുള്ള ദേശീയ നേതാക്കളും കർണാടക പഞ്ചാബ് മുഖ്യമന്ത്രിമാരും യാത്രയുടെ ഭാഗമാകും. മാത്രമല്ല ഇപ്പോള്‍ ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ ഈ യാത്രയില്‍ പങ്കെടുക്കും. ഡിസംബർ ഒന്നിന് എ.ഐ.സി.സി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയോടെ ശംഖുമുഖം കടപ്പുറത്ത് യാത്ര സമാപിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള യു.ഡി.എഫിന്‍റെ കളമൊരുക്കം ആണ് ഈ യാത്രയുടെ ലക്ഷ്യം.  യാത്ര പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ മൂന്ന് സ്ഥലങ്ങളില്‍ വന്‍പിച്ച റാലിയും യുഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്. ഒരു മാസം നീണ്ട യാത്രയാണിത്.