V.D Satheesan: പ്രിന്‍സിപ്പല്‍ നിയമന വിവാദം; ആര്‍.ബിന്ദു രാജിവെയ്ക്കണമെന്ന് വി.ഡി സതീശന്‍, വിശദീകരിച്ച് മന്ത്രി
Principal list controversy: പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സ്വന്തക്കാരെ ഉള്‍പ്പെടുത്താന്‍ മന്ത്രി നിയമവിരുദ്ധമായി ഇടപെട്ടെന്ന് വി.ഡി സതീശൻ ആരോപിച്ചു.
തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സ്വന്തക്കാരെ ഉള്‍പ്പെടുത്താന്‍ മന്ത്രി നിയമവിരുദ്ധമായി ഇടപെട്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സ്ഥാനം ഒഴിയാന്‍ മന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ല. ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പി.എസ്.സി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചില്ല. നിയമനം നടക്കാതായതോടെ സ്വന്തക്കാരെ ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാക്കി. പട്ടിക അട്ടിമറിക്കാന്‍ നിയമവിരുദ്ധമായി ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. അധികാര ദുരുപയോഗം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണം. വി.ഡി സതീശൻ പറഞ്ഞു.
ALSO READ: കൗമാരക്കാരിയെ പല തവണ പീഡിപ്പിച്ചു; ജ്യോത്സ്യനും വിമുക്തഭടനുമായ പ്രതി പിടിയിൽ
അതേസമയം, സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമന പട്ടിക സംബന്ധിച്ച പരാതികൾ പരിഹരിക്കാനാണ് നിർദേശിച്ചതെന്ന് മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. യുജിസി മാനദണ്ഡം അനുസരിച്ചല്ല ലിസ്റ്റ് തയ്യാറാക്കിയതെന്ന് പരാതി വന്നു. ഇപ്പോഴുള്ള 43 പേരുടെ പട്ടിക തള്ളിയിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കേസുകളുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. സർക്കാരിന് ആരെയും തിരുകി കയറ്റാൻ താത്പര്യമില്ലെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിർദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസ മേഖല എകെജി സെന്ററാക്കി മാറ്റി കഴിഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി കേഡർമാരായ സ്വന്തക്കാർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം കിട്ടാതായപ്പോൾ പട്ടിക തിരുത്തിച്ച് അനർഹരെ കുത്തി നിറച്ച മന്ത്രിക്ക് ഇനിയും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലെ 43 പേരുടെ നിയമനം നടത്താതെ തടഞ്ഞുവെക്കാൻ ബിന്ദുവിന് അധികാരമില്ല. മന്ത്രി നടത്തിയത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാത സമീപനവുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...