കോട്ടയം: വൈക്കത്തെ സ്കൂളിൽ പഠിക്കുന്ന കൗമാരക്കാരിയെ ശാരീരികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിയെ വൈക്കം പോലീസ് പിടികൂടി. ഒളിവിലായിരുന്ന ജ്യോത്സ്യനും വിമുക്തഭടനുമായ ടി വി പുരം പള്ളിപ്രത്തുശ്ശേരി കൈമുറി സുദർശനനാണ് (56) പോലീസ് കസ്റ്റഡിയിലായത്. പ്രതിയെ ഇന്ന് കുറവിലങ്ങാട് നിന്നാണ് പോലീസ് പിടികൂടിയത്.
നിർധന കുടുംബത്തിലെ അസുഖ ബാധിതനായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയാണ് ടി വി പുരം സ്വദേശിയായ വിമുക്തഭടൻ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് വൈക്കം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ നവംബർ 22 ന് അഷ്ടമി ഉത്സവത്തിനിടയിൽ ജോത്സ്യനായ വിമുക്ത ഭടൻ തന്റെ കടയിലെത്തിയ പെൺകുട്ടിയെ ജ്യൂസ് കൊടുത്ത് ബോധരഹിതയാക്കിയ ശേഷമാണ് പീഡിപ്പിച്ചത്. ബോധം വന്നപ്പോൾ പെൺകുട്ടി കടയോടു ചേർന്ന മുറിയിൽ കിടക്കുകയായിരുന്നെന്നാണ് മൊഴി. പിന്നീട് പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും തന്റെ പക്കലുണ്ടെന്നും പുറത്തു പറഞ്ഞാൽ വീട്ടുകാരെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതിനാൽ പെൺകുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല. പിന്നീട് പെൺകുട്ടിയെ കടയിൽ വിളിച്ചു വരുത്തി പലതവണ പീഡിപ്പിച്ചു.
ALSO READ: അഞ്ചുതെങ്ങില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്
കഴിഞ്ഞ ജൂൺ 27 ന് കടയിലെത്തി പണം വാങ്ങാൻ മാതാവ് പറഞ്ഞതിനെ തുടർന്ന് രണ്ടു കൂട്ടുകാരികളെയും കൂട്ടിയാണ് പെൺകുട്ടി കടയിലെത്തിയത്. പെൺകുട്ടി കൂട്ടുകാർക്കൊപ്പം വന്നതിൽ ദേഷ്യം പ്രകടിപ്പിച്ച ഇയാൾ അവരെ പറഞ്ഞു വിട്ടാലെ പണം തരുവെന്ന് ശഠിച്ചു. കൂട്ടുകാരികൾ പോയ ശേഷം അമർഷം മാറാതിരുന്ന ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയ ശേഷം പീഡിപ്പിച്ചു. പിന്നീട് സ്കൂളിൽ എത്തിയ പെൺകുട്ടി മൂകയായി കാണപ്പെട്ടു. വളരെ പ്രസരിപ്പോടെ പാട്ടു പാടി നടന്ന പെൺകുട്ടി പൊടുന്നനെ നിശബ്ദയായ കാര്യം കൂട്ടുകാരികൾ പലകുറി ചോദിച്ചതോടെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം പറഞ്ഞു.
കൂട്ടുകാരികൾ ഇക്കാര്യം തങ്ങളുടെ വീട്ടിൽ പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കളാണ് വിവരം അധ്യാപകരെ അറിയിക്കാൻ പറഞ്ഞത്. കുട്ടികൾ അധ്യാപകരോട് വിവരം പറഞ്ഞതിനെ തുടർന്നാണ് സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്തിനെ തുടർന്ന് കോടതി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി ഒളിവിൽ പോയി. പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാകാത്തതിൽ പെൺകുട്ടിയുടെ കുടുംബം കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു. പ്രതിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്ന് കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...