Mullaperiyar issue | കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ല; മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ അനാസ്ഥയുടെ പരമോന്നതിയിലെന്നും വിഡി സതീശൻ
വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ. വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയാത്ത രണ്ട് മന്ത്രിമാർ എന്തിനാണ് സ്ഥാനത്ത് തുടരുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പോലും സർക്കാരിനില്ല. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താനാണ്. അതിന് ശേഷം ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
അണക്കെട്ട് തകർന്നാൽ അഞ്ച് ജില്ലകളിലുള്ള ആളുകൾ അറബി കടലിൽ ഒഴുകി നടക്കും എന്നാണ് 10 വർഷം മുൻപ് വിഎസ് അച്യുതാനന്ദൻ പറഞ്ഞത്. അന്ന് എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ ഒരറ്റത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. 10 വർഷം കഴിഞ്ഞപ്പോൾ ഈ ഡാം ശക്തിപ്പെട്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മരം മുറിക്കാൻ അനുമതി നൽകിയതിലൂടെ കേരളത്തിന്റെ കേസ് ദുർബലമാക്കി. സർക്കാർ അനാസ്ഥയുടെ പരമോന്നതിയിൽ ആണ്. രാത്രി ഷട്ടർ തുറക്കാൻ പാടില്ല എന്ന നിബന്ധന തമിഴ്നാട് ലംഘിച്ചിട്ട് ഒന്നും ചെയ്തില്ല. കത്തെഴുതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ തമിഴ്നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാം എന്നതാണ് അവസ്ഥ. എംഎം മണി ഉൾപ്പെടെ ഉള്ളവർ ഇടുക്കിയിലുള്ളവരെ കബളിപ്പിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...