കുട്ടികൾക്ക് പോലും പേടിയില്ല: മക്കളെ പോലെ പെരുമ്പാമ്പിനെ വീട്ടിൽ വളർത്തുന്ന ഓട്ടോഡ്രൈവർ
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ഷാജിയുടെ വീട്ടിലാണ് അത്യുഗ്രൻ പെരുമ്പാമ്പുള്ളത്
തിരുവനന്തപുരം: വിദേശ പെരുമ്പാമ്പിനെ ആരെങ്കിലും വീട്ടിലെ ഒരു അതിഥിയായി വളർത്തുമോ. പിന്നെ ആ വീട്ടിൽ എങ്ങനെ മനുഷ്യർക്ക് താമസിക്കാനാകും. ഞങ്ങളുടെ ചോദ്യത്തിന് സന്തോഷത്തോടെ മറുപടി നൽകിയ ആ ഓട്ടോഡ്രൈവറെ കണ്ട് ആദ്യമൊന്ന് അമ്പരന്നു.
പിന്നാലെ അദ്ദേഹത്തിൻറെ മകനും പെരുമ്പാമ്പിനെ താലോലിക്കാൻ ഞങ്ങളുടെ മുന്നിലേക്ക് കടന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ഷാജിയുടെ വീട്ടിലാണ് അത്യുഗ്രൻ പെരുമ്പാമ്പുള്ളത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഇല്യാന എന്ന പാമ്പിന് പുറമേ ഇഗ്യാനയെന്ന ജീവിയും ഷാജിയുടെ ശേഖരത്തിലുണ്ട്. ഒരർഥത്തിൽ പറഞ്ഞാൽ സംഭവം അടിപൊളിയാണ്. ഷാജിയുടെ വിശേഷങ്ങളിലേക്കൊന്ന് പോയി വരാം.
ബോൽപ്പൈത്തൻ ഇനത്തിലുള്ള വിദേശ പെരുമ്പാമ്പാണ് ഇന്ന് വീട്ടിലും നാട്ടിലും താരമായിരിക്കുന്നത്.ദക്ഷിണാഫ്രിക്കയിൽ നിന്ന് രണ്ട് വർഷം മുമ്പാണ് ഇവനെ ഷാജി ബാലരാമപുരത്തെത്തിക്കുന്നത്. മൂന്നടിയിലേറെ നീളമുള്ള ഇല്യാനയെന്ന് പേരുള്ള പെരുമ്പാമ്പിനെ മക്കൾക്കൊപ്പം വീട്ടിൽ വളർത്തുകയാണ് ചെറുപ്പക്കാരനായ ഈ ഓട്ടോഡ്രൈവർ.
ബാലരാമപുരം ഓട്ടോ സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ ഷാജിക്ക് ഇത് ഹോബിയാണ്. ഓട്ടോ ഓടിക്കാൻ പോകാത്ത ഒഴിവുവേളകളിൽ ഇല്യാനയെയും ഇഗ്യാനയെന്ന ജീവിയെയും താലോലിക്കും ഈ മനുഷ്യൻ. തൻ്റെ മക്കളെ പോലെ കണ്ടാണ് വീട്ടിൽ വളർത്തുന്നത്. ഷാജിയുടെ കുടുംബവും ഇതിനോടൊപ്പം ഇണങ്ങി കഴിഞ്ഞിരിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ മക്കളും പെരുമ്പാമ്പിനെ കയ്യിലെടുക്കും. തുടർന്ന് ചിരിച്ചുകളിപ്പിക്കും.
ഇല്യാനയ്ക്ക് പുറമേ ഇഗ്യാനയെന്ന ജീവിയും ഇവരുടെ കൈളിൽ സുരക്ഷിതമാണ്. മക്കൾക്ക് ഇവരെ പേടിയില്ല. വളരെ ചെറുപ്രായത്തിൽ പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവന്നതാണ്. ഇതു വരെ ആരെയും പാമ്പ് ഉപദ്രവിച്ചിട്ടില്ല.ഇല്യാനയായാലും ഇഗ്യാനയായാലും എല്ലാവരോടും ഹാപ്പിയാണ്. ആർക്കും ഇതുവരെ ശല്യമായിട്ടില്ല.- ഷാജി പറയുന്നു.
വിദേശത്ത് നിന്നെത്തിച്ച പാമ്പായതിനാൽ ഭക്ഷണത്തിനും താമസത്തിനുമൊക്കെ അധിക ചിലവുണ്ട്. സെൻട്രലൈസ്ഡ് എ സി യൊക്കെ ഫിറ്റ് ചെയ്താണ് ഇല്യാനയുടെ താമസം. ശീതികരിച്ച കൂടിൽ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിൽ ചൂടും തണുപ്പും നൽകും. ഇല്യാനയുടെ കൂട്ടിലാകട്ടെ മരത്തിൻ്റെ വേരുകളും വെള്ളാരംകല്ലുകളും ജലവുമൊക്കെ നിറച്ചിട്ടുണ്ട്. കാണാനും അത്യുഗ്രൻ ഭംഗിയാണ്.
ഭക്ഷണക്രമവും പതിവ് രീതിയിലൊന്നുമല്ല. ഇഴയുകയും പുളയുകയും ചെയ്യുന്നതോടെ ഇല്യാനയ്ക്ക് വിശക്കുന്നതായി ഷാജിക്ക് മനസ്സിലാകും. കോഴിക്കുഞ്ഞും എലിയുമൊക്കെയാണ് പെരുമ്പാമ്പിന് ഭക്ഷിക്കാൻ നൽകുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ രണ്ട് ദിവസത്തേക്ക് ഇല്യാനയെ ആരും സ്പർശിക്കാൻ പാടില്ല.
രണ്ടു ദിവസത്തിലൊരിക്കലാണ് ആഹാരം കൊടുക്കുന്നത്. പെരുമ്പാമ്പിനെയും കൂട്ടരെയും കാണാൻ ഇപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തുന്നുണ്ട്. ഇവിടേക്ക് എത്തുന്നവരിലേറെയും ഷാജിയുടെ സുഹൃത്തുക്കളാണ്. മനുഷ്യന് പ്രപഞ്ചത്തിലെ സകലചരാചരങ്ങളോടും, പ്രത്യേകിച്ച് ജീവികളോട് ഉൾപ്പടെ ഇടപഴകി ജീവിക്കാമെന്നുള്ളതാണ് ഷാജിയുടെ ജീവിതത്തെ വേറിട്ടതാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...