Viral Video : `ഇനിയൊരു പെണ്ണിന്റെ മുഖത്ത് നീ നോക്കരുത്`; ബസിൽവച്ച് ശല്യം ചെയ്തയാളെ പരസ്യമായി ഒറ്റയ്ക്ക് നേരിട്ട് യുവതി
ഇതിനോടകം തന്നോട് മോശമായി പെരുമാറിയ മദ്യപാനിയെ യുവതി ചോദ്യം ചെയ്യുന്നതും കൈകാര്യം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
വയനാട് : ബസ് യാത്രക്കിടെ മദ്യപിച്ച് ശല്യം ചെയ്തയാളെ ഒറ്റയ്ക്ക് നേരിട്ട് യുവതി. വയനാട് പടിഞ്ഞാറത്തറയിൽ വെച്ചാണ് സംഭവം. ഇതിനോടകം തന്നോട് മോശമായി പെരുമാറിയ മദ്യപാനിയെ യുവതി ചോദ്യം ചെയ്യുന്നതും കൈകാര്യം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
വയനാട് പനമരം സ്വദേശിനി സന്ധ്യയാണ് തന്നെ ശല്യം ചെയ്യുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തയാളെ ഒറ്റയ്ക്ക് പരസ്യമായി കൈകാര്യം ചെയ്തത്. നാലാം മൈലിൽ നിന്ന് വേങ്ങപ്പള്ളിയിലേക്കുള്ള യാത്രക്കിടെയാണ് സന്ധ്യയോട് മദ്യപിച്ചെത്തിയ സഹയാത്രികൻ മോശമായി പെരുമാറിയത്. പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ നിന്ന് കയറിയ അയാൾ തന്റെ അടുത്ത് വന്നിരുന്നുയെന്നും കുറച്ച് കഴിഞ്ഞപ്പോൾ ശല്യം ചെയ്യാൻ തുടങ്ങിയെന്നും സന്ധ്യ പറഞ്ഞു.
ALSO READ : ഇടുക്കിയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം; 2 പേർ പിടിയിൽ
ഇതെ തുടർന്ന് മാറി ഇരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ ആദ്യം കൂട്ടാക്കിയില്ല. പിന്നാലെ മറ്റൊരു യാത്രക്കാരിയും ബസിലെ കണ്ടക്ടറും ആവശ്യപ്പെട്ടപ്പോൾ പിന്നിലെ സീറ്റിലേക്ക് അയാൾ മാറിയിരുന്നു. എന്നാൽ അവിടെയിരുന്നു അയാൾ തന്നെയും കണ്ടക്ടറെയും അസഭ്യം പറയുകയായിരുന്നു. ബസിൽ നിന്ന് ഇറങ്ങിയ അയാൾ മുന്നിലെത്തി അസഭ്യ വർഷങ്ങൾ തുടരുകയും ചെയ്തു. വീണ്ടും ബസിലേക്ക് കയറി തെറി പറഞ്ഞു കൊണ്ട് തന്നെ സ്പർശിക്കുകയും ചെയ്തപ്പോഴാണ് കൈകാര്യം ചെയ്തെന്ന് സന്ധ്യ അറിയിച്ചു. വീഡിയോ കാണാം:
വയനാട്ടിൽ വിവാഹ ബ്യൂറോ ഉടമസ്ഥയാണ് സന്ധ്യ. അതേസമയം സംഭവത്തിൽ താൻ പോലീസിൽ പരാതി നൽകി നിയമപരമായ നടപടികൾക്ക് ഒരുങ്ങുന്നില്ലയെന്നും യുവതി വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ പടിഞ്ഞാറത്തറയിൽ പോലീസ് പ്രഥമിക അന്വേഷണം ആരംഭിച്ചു. സ്വമേധയാ കേസെടുക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.