തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് കെ.എസ്.ആർ.ടി.സി നേരിടുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്നായിരുന്നു ജീവനക്കാർക്ക് മാനേജ്മെന്റ് നേരത്തെ നൽകിയ ഉറപ്പ്. ഈ മാസം ശമ്പളം നൽകുന്നതിനായി 65 കോടി രൂപ ധനവകുപ്പിനോട് കെ.എസ്.ആർ.ടി.സി.ആവശ്യപ്പെട്ടിരുന്നു. എന്നാൽ 30 കോടി രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്. ഇതിൽ കൂടുതൽ തുക അനുവദിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. ബാക്കി തുക എങ്ങനെ കണ്ടെത്തും എന്നതാണ് കെ.എസ്.ആർ.ടി മാനേജ്മെന്റിനെ അലട്ടുന്ന പ്രശ്നം. 85 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നൽകുന്നതിനായി വേണ്ടത്. അഞ്ചര കോടി രൂപ മാത്രമാണ് പ്രതിദിനവരുമാനം. ലോൺ തിരിച്ചടവ് ഉൾപ്പെടെ ഉള്ളതിനാൽ ശമ്പളത്തിനായി തുക മാറ്റി വക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശമ്പളം ലഭിച്ചില്ലെങ്കിൽ ആറാം തീയതി മുതൽ പണിമുടക്ക് നടത്തുമെന്നാണ് ഐ.എൻ .ടി.യു.സിയും, ബി.എം.എസും വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു നാളെ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തും. മൂന്ന് അംഗീകൃത യൂണിയൻ പ്രതിനിധികളുമായിട്ടാണ് മന്ത്രി ചർച്ച നടത്തുക. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന ആവശ്യം  മന്ത്രിതല ചർച്ചയിൽ യൂണിയൻ നേതാക്കൾ ഉന്നയിക്കും.


45 ലക്ഷം രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞ മാസം ശമ്പളം നൽകിയത്. ഈസ്റ്ററും വിഷുവും കഴിഞ്ഞ ശേഷം പതിനെട്ടാം തീയതി മാത്രമാണ് ജീവനക്കാർക്ക് ശമ്പളം ലഭിച്ചത്. കഴിഞ്ഞ മാസത്തെക്കാൾ ഇത്തവണ പ്രതിസന്ധി രൂക്ഷമാണ്. ഇത്തവണ ഓവർ ഡ്രാഫ്റ്റും ലഭിക്കില്ല. വായ്പ ഉൾപ്പെടെ തിരിച്ചടവുകൾ മാറ്റി വക്കാനാണ് കെഎസ്.ആർ.ടി.സി ഇപ്പോൾ ആലോചിക്കുന്നത്.


കെ.എസ്. ആർ.ടി .സി ജീവനക്കാർക്ക് എല്ലാകാലത്തും ശമ്പളം നൽകാൻ സർക്കാരിന് കഴിയില്ലെന്നും കോർപ്പറേഷൻ സ്വന്തം നിലയ്ക്ക് തുക കണ്ടെത്തണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ജീവനക്കാരെ കുറക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന അഭിപ്രായവും മന്ത്രി പങ്ക് വച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.