വനിതാ അവതാരകയെ അപമാനിച്ചെന്ന സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വീകരിച്ച നടപടിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടി മാതൃകാപരമാണെന്നും സഹപ്രവർത്തകരോട് കാണിക്കേണ്ട ബഹുമാനത്തിന്റെയും പരി​ഗണനയുടെയുടെയും പ്രസക്തി ബോധ്യപ്പെടുത്താൻ സഹായിക്കുന്നതാണെന്നും ഡബ്ല്യുസിസി അഭിപ്രായപ്പെടുന്നു. എന്നാൽ, ഇതേ സമീപനം കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെട്ട എല്ലാവരോടും ഉണ്ടാകണമെന്നാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെടുന്നത്. ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നതെന്നും ഡബ്ല്യുസിസി ചോദ്യം ഉന്നയിക്കുന്നു. നിർമ്മാതാവ് വിജയ് ബാബുവിന്റെയും സംവിധായകൻ ലിജു കൃഷ്ണയുടെയും പേരെടുത്ത് പറഞ്ഞാണ് ഡബ്ല്യുസിസി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ വിലക്കാൻ നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. താരത്തിനെതിരെയുള്ള കേസിൽ ഇടപെടില്ലെന്നും സംഘടന വ്യക്തമാക്കി. ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമകൾ ഒന്നും ചെയ്യില്ല. ഇത് ശിക്ഷാ നടപടിയെന്ന നിലയിൽ അദ്ദേഹത്തിൻറെ രീതികൾ മാറ്റാണ്. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് വ്യക്തമാക്കിയതായും അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയായാൽ സിനിമയിൽ നിന്ന് മാറ്റി നിർത്തുമെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.


ALSO READ: Sreenath Bhasi Case: ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും


ഡബ്ല്യുസിസി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:


വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സമയബന്ധിതമായി നടപടി എടുത്തിരിക്കുന്നു. ഇത് തീർച്ചയായും, നമ്മുടെ സഹപ്രവർത്തകരോടു നാം കാണിക്കേണ്ട ബഹുമാനത്തിന്റെ/പരിഗണനയുടെ പ്രസക്തി ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ഒരു നടപടിയാണ്. സമാന്തരമായി, ഈ ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ കൈക്കൊണ്ടാൽ മതിയോ എന്നു കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.


നമ്മുടെ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനിൽക്കുന്ന പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാർ മലയാള സിനിമാ മേഖലയിലുണ്ട്. ഇതിനുള്ള ഉദാഹരണങ്ങളിൽ ചിലതാണ്, സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകൾ. പടവെട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ അറസ്റ്റിലായ ശേഷം, ഇപ്പോൾ ജാമ്യത്തിലാണ്. ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്ക് എതിരെയും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച ആഘോഷങ്ങളിലാണ്, ഇതിന്റെ നിർമ്മാണ കമ്പനി ഇപ്പോൾ.


വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് ഒരു യുവതി പോലീസിൽ പരാതി നൽകിയതോടെ വിജയ് ബാബു ഒളിവിൽ പോവുകയുണ്ടായി. ഒളിവിലായിരിക്കുമ്പോൾ തന്നെ അയാൾ പരാതിക്കാരിയുടെ പേര് പരസ്യമാക്കുകയും അപമാനിക്കുകയും ചെയ്തു. അയാളും ജാമ്യത്തിലാണ്. വ്യവസായികളാൽ പിൻതാങ്ങപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടിൽ സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കപെടുകയും ചെയ്യുന്നു.


എന്തുകൊണ്ടാണ് ഈ വ്യക്തികൾക്കും അവരുടെ കമ്പനികൾക്കും എതിരെ അച്ചടക്ക നടപടികളെടുക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു നടപടിയും സ്വീകരിക്കാത്തത്? ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്? മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു നിർണായക സ്ഥാപനമെന്ന നിലയിൽ, ലിംഗവിവേചനത്തോടും, മറ്റതിക്രമങ്ങളോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നയം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകൾ സ്വീകരിക്കുകയും, ഈ വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ ഉചിതങ്ങളായ നടപടികൾ കൈക്കൊള്ളുകയും വേണം. അത്തരം വ്യക്തികളെ ഈ സിനിമാ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും, അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും ഏവർക്കും സുരക്ഷിതവുമാക്കാൻ ഉതകുന്ന സംവിധാനങ്ങൾ സജ്ജമാക്കാൻ ഞങ്ങൾ KFPA-യോട് അഭ്യർത്ഥിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.