Cyclone Mocha: മോഖ ചുഴലിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്; വരുംമണിക്കൂറുകളിൽ മഴ ശക്തമാകും
Weather Update: മോഖ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) വ്യക്തമാക്കി.
തിരുവനന്തപുരം: മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മോഖ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) വ്യക്തമാക്കി.
ത്രിപുര, മിസോറാം സംസ്ഥാനങ്ങളിൽ മിക്കയിടത്തും മെയ് പതിമൂന്നിന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ബുള്ളറ്റിനിൽ ഐഎംഡി വ്യക്തമാക്കി. മെയ് പതിനാലിന് പലയിടത്തും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നാഗാലാൻഡ്, മണിപ്പൂർ, ദക്ഷിണ അസം എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് ഐഎംഡി വ്യക്തമാക്കി.
മെയ് 13 മുതൽ മെയ് 15 വരെ അടുത്ത മൂന്ന് ദിവസങ്ങളിൽ ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, കേരളം, മാഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും വരും മണിക്കൂറുകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകുന്നത് അപകടമാണെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...