192 രാജ്യങ്ങൾ സഞ്ചരിക്കാനൊരുങ്ങി അറുപതുകാരൻ; മൂന്ന് ലക്ഷം കിലോമിറ്റർ നീളുന്ന യാത്ര ആറ് വർഷമെടുത്ത്; ജോസിൻറെ ലോകയാത്ര വിശേഷങ്ങൾ
192ൽ പരം രാജ്യങ്ങൾ, മൂന്നു ലക്ഷം കിലോമീറ്റർ, ഏഴ് വർഷം
തൃശൂർ: അതിരുകളില്ലാതെ ആകാശംമുട്ടെ പറക്കാൻ തയ്യാറെടുക്കുകയാണ് തൃശ്ശൂരിലെ ഒരു അറുപതുകാരൻ. ചെമ്പൂക്കാവ് മ്യൂസിയം ക്രോസ് ലൈനിൽ താമസിക്കുന്ന ഇ.പി.ജോസിൻറെ സാഹസിക ലോക യാത്ര കേട്ടാൽ ആരുമൊന്ന് ഞെട്ടിപ്പോകും. കെ.ടി.എം.390 എന്ന സാഹസിക യാത്രയ്ക്ക് ഉപയോഗിക്കുന്ന അത്യാധുനിക ബൈക്കിലാണ് ജോസ് ലോകം ചുറ്റാൻ ഒരുങ്ങുന്നത്. തൃശ്ശൂരിൽ നിന്ന് ഫെബ്രുവരി അവസാനവാരം ആരംഭിക്കുന്ന യാത്ര 6-7 വർഷമെടുത്ത് മാത്രമാണ് പൂർത്തീകരിക്കാൻ കഴിയുകയുള്ളു. യു.എസ്സിലെ ഐ.ടി പ്രൊഫഷണലായിരുന്ന ജോസിൻ്റെ ലോകയാത്രാ വിശേഷങ്ങളിലേക്കൊന്ന് പോയി വരാം.
192ൽ പരം രാജ്യങ്ങൾ, മൂന്നു ലക്ഷം കിലോമീറ്റർ, ഏഴ് വർഷം... ജോസിൻറെ യാത്ര അങ്ങനെ മഹാസാഗരം പോലെ നീണ്ടുനിവർന്നു കിടക്കുകയാണ്.ഒരു അറുപതുകാരന് ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ കഴിയുമോയെന്ന് വായനക്കാർക്ക് ഒരു പക്ഷേ സംശയമുണ്ടാകും. എന്നാൽ, യാത്രകളെ ഇഷ്ടപ്പെടുന്ന, യാത്രയുടെ ലഹരി തലയ്ക്കു പിടിച്ച ഏതൊരാൾക്കും ഇതിന് കഴിയുമെന്ന് ജോസ് തെളിയിക്കാൻ പോകുകയാണ്.
കെ.ടി.എം.390 എന്ന സാഹസിക യാത്രയ്ക്ക് ഉപയോഗിക്കുന്ന അത്യാധുനിക ബൈക്കിലായിരിക്കും ജോസ് ലോകം മുഴുവൻ സഞ്ചരിക്കുക. ഏതു പ്രതികൂല സാഹചര്യങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന മികച്ച പ്രത്യേകതയുള്ള ഇരുചക്രവാഹനം കൂടിയാണിത്. യു.എസ്സിൽ ഐ.ടി പ്രൊഫഷണലായി വിരമിച്ച ഇദ്ദേഹം തൃശൂർ ഗവൺമെൻ്റ് എൻജിനിയറിങ്ങ് കോളേജിലെ പൂർവ്വ വിദ്യാർഥിയാണ്. നാട്ടിൽ തിരിച്ചെത്തിയെങ്കിലും ഇടയ്ക്ക് യുഎസിൽ പോകാറുണ്ടെന്ന് ജോസ് പറയുന്നു.
മനുഷ്യരെല്ലാം ഒന്നാണ് എന്നാണല്ലോ സങ്കല്പം. രാജ്യങ്ങളുടെ അതിർത്തിയിലേക്ക് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കുന്നതിന് പ്രതിസന്ധികൾ ഏറെയാണ്. എന്നാൽ, ആ പ്രതിസന്ധികൾ മറികടന്നുകൊണ്ട് ലോകം മുഴുവൻ ചുറ്റി കാണുക എന്ന് തന്നെ ലക്ഷ്യം സഫലീകരിക്കുക കൂടിയാണ് ഈ യാത്രയുടെ പിന്നിലുള്ളതെന്ന് ജോസ് പറയുന്നു.
2017ൽ 43 ദിവസം കൊണ്ട് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജോസ് യാത്ര ചെയ്തു. 16,400 കിലോമീറ്റർ സഞ്ചരിച്ചാണ് എല്ലാ സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്തത്. എന്നാൽ, ആൻഡമാൻ കടലിടുക്കിലും ലക്ഷദ്വീപിലും ഇരുചക്രവാഹനം കൊണ്ടു പോകാൻ കഴിയാത്തതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇദ്ദേഹം ചുറ്റിക്കറങ്ങി. വിവിധ ഭാഷകൾ സംസാരിച്ചു. നിരവധി പുതിയ ആളുകളെ പരിചയപ്പെട്ടു. അതാത് സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളുടെ രുചിക്കലവറയിലെ വൈവിധ്യങ്ങളറിഞ്ഞു. അങ്ങനെ എല്ലാ മേഖലകളിലൂടെയും കടന്നുപോയി. ഒടുവിൽ തൻ്റെ രാജ്യപര്യടനമെന്ന ആഗ്രഹം പൂർത്തിയാക്കി യാത്ര അവസാനിപ്പിച്ചു.
എന്നാൽ, ഇപ്പോഴിതാ തൻ്റെ ലോകപര്യടനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനൊപ്പം ജോസ് ഈ മാസം അവസാനം മുതൽ സഞ്ചരിച്ചു തുടങ്ങുകയാണ്. കൊച്ചിയിൽ നിന്ന് കപ്പൽമാർഗ്ഗം ബൈക്ക് സ്പെയിനിലെ വാലൻസിയയിലെത്തിക്കും. ജോസ് വിമാനമാർഗം സ്പെയിനിൽ എത്തിയ ശേഷമാണ് യാത്ര ആരംഭിക്കുക.
സ്പെയിനിൽ നിന്ന് അടുത്ത ലക്ഷ്യസ്ഥാനം പോർച്ചുഗലാണ്. പിന്നീട് ഫ്രാൻസ്, യു.കെ, അയർലൻഡ് എന്നിവിടങ്ങളിലേക്ക്. വീണ്ടും ഫ്രാൻസിൽ തിരിച്ചെത്തിയശേഷം ബെൽജിയം, നെതർലൻഡ്സ്, ഡെന്മാർക്ക്... അങ്ങനെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത യാത്രകളിലേക്ക്...
ചൈന മാത്രം ചുറ്റിക്കറങ്ങാൻ ഏതാണ്ട് 60 ദിവസത്തോളം വേണ്ടിവരും. പിന്നീട് റഷ്യയിലെ മുഴുവൻ സ്ഥലങ്ങളും കാണാൻ 90 ദിവസം വേണം. പ്രധാന രാജ്യങ്ങളിൽ 60 ദ്വീപുകൾ വരെയുണ്ട്. അവിടെയെല്ലാം പോകണം മഡഗാസ്കർ, ജപ്പാൻ, അയർലൻഡ് അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ് യാത്ര ചെയ്യാനുള്ള സ്ഥലങ്ങൾ. വർഷങ്ങൾ നീണ്ട ഇരുചക്ര വാഹനത്തിൻ്റെ യാത്രയ്ക്ക് വേണ്ടി കാർനെറ്റിലൂടെ കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. - ജോസ് പറയുന്നു.
മൂന്നു വർഷം മുൻപ് ലോക യാത്ര പ്ലാൻ ചെയ്തതാണ്. എന്നാൽ, കൊവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ ഒരിടത്ത് നിന്ന് മറ്റു രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് കടുത്ത വിലക്കുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പുള്ള ആഗ്രഹമാണ് സഫലീകരിക്കാൻ ഒരുങ്ങുന്നത്. യാത്രയിൽ ആരും ഒപ്പമില്ല. ഒറ്റയ്ക്ക് തന്നെയാണ് ലോകം മുഴുവനും ചുറ്റിക്കറങ്ങാൻ പോകുന്നത്. വർഷങ്ങളായി മനസിൽ കരുതി വെച്ച യാത്ര സഫലമാകുന്നതിൻ്റെ സന്തോഷമാണുള്ളത്.- ജോസ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...