മലയാളത്തിന്റെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇത്രയും കാലം, 100 കോടി ക്ലബ്ബില്‍ എത്തിയത് രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമായിരുന്നു. അത് രണ്ടും മോഹന്‍ലാലിന്റെ സിനിമകളും- പുലിമുരുഗനും ലൂസിഫറും. മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് 100 കോടി ക്ലബ്ബ് എന്ന വിഷമം ഇപ്പോള്‍ മാറിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

തീയേറ്ററുകളില്‍ തരംഗമായി മാറിയ ഭീഷ്മ പര്‍വ്വം ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടിരിക്കുന്നു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 115 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍ എന്നാണ് അവകാശവാദം. സിനിമയിലെ താരങ്ങള്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.


Read Also: Bheeshma Parvam: ഭീഷ്മ പർവ്വം ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു, ചിത്രം ഹോട്ട് സ്റ്റാറിൽ


ഭീഷ്മ പര്‍വ്വത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. അതിന് പിറകെയാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രില്‍ 1 ന് ഹോട്ട് സ്റ്റാറില്‍ ആണ് സിനിമയുടെ ഒടിടി റിലീസ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയ്ക്ക് ഇത്തരമൊരു സൂപ്പര്‍ ഹിറ്റ് ലഭിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സിനിമ റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ 50 കോടി ക്ലബ്ബില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. 


100 കോടി ക്ലബ്ബിന്റേയും 50 കോടി ക്ലബ്ബിന്റേയും റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരില്‍ ആയിരിക്കാം. എന്നാല്‍, മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 25 കോടി ക്ലബ്ബില്‍ കടന്ന സിനിമ മമ്മൂട്ടിയുടേതായിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ രാജമാണിക്യത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ 25 കോടി ആയിരുന്നു. 


ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീപ് പോത്തന്‍, ലെന, മാലാ പാര്‍വ്വതി, സൃന്ദ തുടങ്ങി വലിയ താരവൃന്ദം തന്നെ ഭീഷ്മപര്‍വ്വത്തില്‍ അണിനിരന്നിരുന്നു. സുശിന്‍ ശ്യാമിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഏറെ പ്രശംസിക്കപ്പെടുയും ചെയ്തു. 


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.