Cobra Movie OTT: കോബ്ര ഒടിടിയിലേക്ക്; ചിത്രം ഈ മാസം തന്നെ സ്ട്രീമിങ് തുടങ്ങും
ഓഗസ്റ്റ് 31ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം സോണി ലിവിൽ ഉടനെത്തുമെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.
വിക്രം നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് കോബ്ര. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്ന് ലഭിച്ചത്. മൂന്ന് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വൻ ഹൈപ്പും പ്രെമോഷൻ നൽകി കൊണ്ടായിരുന്നു ചിത്രത്തിന്റെ റിലീസെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവെയ്ക്കാൻ കോബ്രയ്ക്ക് ആയില്ല. ചിത്രത്തിന് വേണ്ടിയുള്ള വിക്രത്തിന്റെ ഹാർഡ്വർക്ക് എല്ലാവരും ഒരുപോലെ എടുത്ത് പറഞ്ഞ കാര്യമാണ്. കോബ്രയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഓഗസ്റ്റ് 31ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം സോണി ലിവിൽ ഉടനെത്തുമെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നില്ല. സെപ്റ്റംബർ 23 അല്ലെങ്കിൽ സെപ്റ്റംബർ 30ന് കോബ്ര ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബറിൽ ‘കോബ്ര’ ടെലിവിഷൻ പ്രീമിയർ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
അമിത പ്രതീക്ഷയോടെ കഴിഞ്ഞ മാസം എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഒരാഴ്ചത്തെ ചിത്രത്തിന്റെ ആഗോള ഗ്രോസ് എന്ന് പറയുന്നത് 63.5 കോടി രൂപയാണ്. ഇതില്‍ 1.87 മില്യണ്‍ ഡോളര്‍ വിദേശ കളക്ഷനും ബാക്കിയുള്ളത് ഇന്ത്യയില്‍ നിന്ന് ലഭിച്ചതുമാണ്. ചിത്രത്തിന് ലഭിച്ച കളക്ഷനില്‍ വലിയൊരു പങ്കും തമിഴ്നാട്ടിൽ നിന്ന് തന്നെയാണ്. 28.78 കോടിയാണ് തമിഴ്നാടിൽ നിന്നുള്ള കളക്ഷന്‍. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ വെറും 65 ലക്ഷം മാത്രമാണ് നേടാനായത്. 90 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക് എന്നാണ് റിപ്പോർട്ടുകൾ.
അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തത്. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. ചിത്രത്തിൻറെ ആദ്യ പകുതിയിൽ പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീര തിരക്കഥയും വിക്രമിന്റെ പേർഫോർമൻസും കൂടി ആരാധകരെ ആവേശത്തിലാക്കാൻ കഴിഞ്ഞിരുന്നു. നിരവധി ലൊക്കേഷൻസ്, നോൺ ലീനിയർ കഥ പറച്ചിൽ, മാത്‌സ് എന്ന സബ്ജക്ട് വച്ചുകൊണ്ട് സുഡോക്കു കളി തുടങ്ങിയ നിരവധി ഓവർ ലോഡ് കാര്യങ്ങൾ ചിത്രം പറയുന്നുണ്ട്. എന്നാൽ അത്രയ്ക്ക് കെട്ടുറപ്പുള്ള തിരക്കഥ ആയതുകൊണ്ട് തന്നെ പ്രേക്ഷകന് മനസ്സിലാകുന്ന രീതിയിൽ കഥ ഒരുക്കിയതിൽ ഗംഭീര കയ്യടി കൊടുക്കേണ്ടി വരും സംവിധായകന്. ആരും ഞെട്ടുന്ന അപ്രതീക്ഷിത ട്വിസ്റ്റ് നൽകിയാണ് സംവിധായകൻ ആദ്യ പകുതി അവസാനിപ്പിക്കുന്നത്.
എന്നാൽ ചിത്രത്തിൻറെ രണ്ടാം പകുതി പ്രേക്ഷകനെ ചെറുതായെങ്കിലും നിരാശപെടുത്തിയിരുന്നുവെന്നാണ് പ്രതികരണങ്ങൾ. ആദ്യ പകുതിയിലെ വിക്രമിന്റെ ഗെറ്റപ്പ് ചേഞ്ചും പ്ലാനിങ്ങും ഒന്നുമല്ല രണ്ടാം പകുതിയിൽ. കഥയിൽ കൂടുതൽ ബിൽഡ് ചെയ്ത് ഇമോഷൻസ് വെച്ച് കളിക്കുകയും ചെയ്ത സംവിധായകന്റെ ചിന്ത തെറ്റിയോ എന്ന സംശയം നിലനിൽക്കുന്നു. പറഞ്ഞ് വന്ന കഥയിൽ നിന്നെല്ലാം മാറി ഫ്ലാഷ്ബാക്ക് കഥയിലേക്ക് കാര്യം മാറ്റുമ്പോൾ സ്ക്രീൻ പ്ലേയിലെ ഇഴച്ചിൽ അനുഭവപ്പെടും. ആദ്യ പകുതിയിൽ എത്ര ഗംഭീരമായി തിരക്കഥ പ്രേക്ഷകർക്ക് പറഞ്ഞ് മനസ്സിലാക്കിയോ അതിൽ നിന്ന് വ്യത്യസ്തമായി ഒരു കൺഫ്യൂഷൻ പ്രേക്ഷകർക്ക് രണ്ടാം പകുതിയിൽ അനുഭവപ്പെട്ടിരുന്നു.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിച്ചത്. കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായിക. കൂടാതെ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും മലയാളി താരങ്ങളായ റോഷന്‍ മാത്യുവും മിയ ജോർജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇര്‍ഫാന്‍ പഠാൻ വില്ലന്റെ വേഷത്തിലാണ് എത്തുന്നത്. കെ എസ് രവികുമാർ, മുഹമ്മദ് അലി ബെയ്ഗ്, പത്മപ്രിയ, കനിഹ, ജോൺ വിജയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലായിരുന്നു ചിത്രം പ്രധാനമായും ചിത്രീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...