Keerthy Suresh: `യഥാർത്ഥ മിസ്റ്ററി മാനെ ഞാൻ തന്നെ വെളിപ്പെടുത്താം`; ഗോസിപ്പുകളിൽ പ്രതികരിച്ച് കീർത്തി സുരേഷ്
വിവാഹ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കീർത്തി സുരേഷ്. ഒരു ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് കീർത്തി സുരേഷ് തന്റെ വിവാഹ വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത്.
താൻ പ്രണയത്തിലാണെന്നും അയാളുമായുള്ള വിവാഹം ഉടൻ ഉണ്ടാകുമെന്നുമുള്ള ഗോസിപ്പുകളോട് പ്രതികരിച്ച് തെന്നിന്ത്യൻ നടി കീർത്തി സുരേഷ്. ദുബായ് ബേസ്ഡ് ആയിട്ടുള്ള ഒരു മലയാളി ബിസിനസുകാരനുമായി താരം പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടാകുമെന്നുമുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. അത്തരത്തിലൊരു ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് താരം പ്രതികരിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷിന്റെ ജീവിതത്തിലെ മിസ്റ്ററി മാൻ ആര് എന്ന ഒരു ട്വീറ്റിനാണ് കീർത്തി മറുപടി നൽകിയിരിക്കുന്നത്.
''എന്റെ സുഹൃത്തിനെ ഇപ്പോൾ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോള്‍ ഞാൻ തന്നെ വെളിപ്പെടുത്താം'' എന്നാണ് കീര്‍ത്തി സുരേഷ് വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് വ്യക്തമാക്കിയിരിക്കുന്നത്.
അടുത്തിടെ കീർത്തി സുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് ഈ ഗോസിപ്പുകൾക്ക് തുടക്കമിട്ടത്. തന്റെ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചത്. ദുബായിലുള്ള ബിസിനസുകാരനായ ഫര്‍ഹാന്‍ ബിൻ ലിയാഖ്വാദുമായി താരം പ്രണയത്തിലാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഫർഹാന് പിറന്നാൾ ആശംസകൾ നേർന്ന് ഫർഹാനോടൊപ്പമുള്ള ചിത്രം കീർത്തി പങ്കുവെച്ചിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിച്ചു കൊണ്ടാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചത്.
ഒരേ പോലത്തെ ഡ്രസ് ധരിച്ചുള്ള ഫോട്ടോയാണ് കീർത്തി പങ്കുവെച്ചത്. പിന്നാലെ കീര്‍ത്തിയുടെ ഭാവി വരന്‍ ഇതാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവരികയായിരുന്നു. രണ്ട് പേരും ഏറെ കാലമായി പ്രണയത്തിലാണെന്നും, വൈകാതെ വിവാഹിതരാകും എന്നും പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. കൂടാതെ ഫര്‍ഹാന്റെ ഇന്‍സ്റ്റഗ്രാം പേജിലേ പഴയ ചിത്രങ്ങളും ആളുകൾ കുത്തിപ്പൊക്കിക്കൊണ്ടിരുന്നു. ഈ ചിത്രങ്ങളിൽ മിക്കതിലും കീർത്തി സുരേഷിനെയും കാണാം.
ചെറുപ്പം മുതൽ അറിയാവുന്ന ഒരു ദുബായി ബേസ്ഡ് ബിസിനസ്സുകാരനുമായി കീര്‍ത്തിയുടെ വിവാഹം ഉണ്ടാകുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ കീർത്തി സുരേഷും കുടുംബവും ഈ വാർത്ത നിഷേധിക്കുകയും ചെയ്തിരുന്നു. കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയെന്നും ഇപ്പോള്‍ തന്നെ ഒരു മൂന്ന് - നാല് തവണ എന്റെ കല്യാണം കഴിഞ്ഞു എന്നുമാണ് കീര്‍ത്തി പ്രതികരിച്ചിരുന്നത്. മകളുടെ കല്യാണക്കാര്യം എല്ലാവരെയും അറിയിക്കുമെന്ന് മേനകയും സുരേഷും അന്ന് പ്രതികരിച്ചിരുന്നു.
ദസറയാണ് കീർത്തി സുരേഷ് ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. വമ്പൻ വിജയമായിരുന്ന ചിത്രത്തിൽ നാനി ആയിരുന്നു നായകൻ. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി കളക്ഷൻ നേടിയിരുന്നു. കീര്‍ത്തി സുരേഷ് 'വെന്നെല' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളിൽ കീർത്തി സുരേഷിന്റെ പ്രകടനങ്ങളും മികച്ചതായിരുന്നു. ഇത് റീൽസുകളും മറ്റുമായി വൈറലായി മാറിയിരുന്നു.
എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെലുകുരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദസറയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. ദീക്ഷിത് ഷെട്ടി, സമുദ്രക്കനി, ജാൻസി, സായ് കുമാർ എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകി. മാസ് ഇമോഷൻ ചിത്രമായ ദസറ നാനിയുടെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിലും സ്ട്രീം ചെയ്യുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...